കൊട്ടിയൂർ: പാലുകാച്ചിയിൽ ബിജെപി-ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് പരിക്ക്.
ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗവും സിപിഎം കൊട്ടിയൂർ ലോക്കൽ കമ്മിറ്റി അംഗവുമായ പാലുകാച്ചിയിലെ ഞൊണ്ടിക്കൽ ജോയൽ ജോബ് (26), ഡിവൈഎഫ്ഐ പാലുകാച്ചി യൂണിറ്റ് വൈസ് പ്രസിഡന്റ് പുതനപ്ര അമൽ(23) എന്നിവർക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. പരിക്കേറ്റ ഇരുവരെയും തലശേരി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ കൊടി ഉയർത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
കൊടി ഉയർത്താൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകരെ ഒരു സംഘം ബിജെപി പ്രവർത്തകർ തടഞ്ഞെന്നു പറയുന്നു. ഇതേ തുടർന്ന് പ്രതിഷേധ പ്രകടനം നടത്തി ഡിവൈഎഫ്ഐ പ്രവർത്തകർ കൊടി ഉയർത്തി.
തുടർന്നു നടന്ന പ്രതിഷേധ യോഗത്തിലേക്ക് ബിജെപി-ആർഎസ്എസ് പ്രവർത്തകർ ഓട്ടോറിക്ഷ ഓടിച്ചു കയറ്റി പ്രകോപനം സൃഷ്ടിച്ചും പ്രവർത്തകരെ അക്രമിക്കുകയായിരുന്നുവെന്ന് ഡിവൈഎഫ്ഐ-സിപിഎം നേതൃത്വം ആരോപിച്ചു.
ഇതിനു പിന്നാലെ രാത്രി പത്തോടെ കൊട്ടിയൂർ ടൗണിലെ ബിജെപി ഓഫീസും ക്ഷേത്രത്തിനു സമീപത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസായി പ്രവർത്തിച്ച കെട്ടിടത്തിനു നേരെ അക്രമമുണ്ടായി.
ഇതിനു പിന്നിൽ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു.
ഗർഭിണിയെ വീട്ടിൽ കയറി മർദിച്ചെന്ന് പരാതി