കൊല്ലം: കളമശേരിയിലെ “കുട്ടി’ ആക്രമണത്തിനു സമാനമായി കൊല്ലത്തും കുട്ടികൾക്ക് അതിക്രൂര മർദനം. കൊല്ലം കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്പതാം ക്ലാസുകാരനുമാണ് സുഹൃത്തുകളുടെ ക്രൂര മർദ്ദനത്തിനിരയായത്. കളിയാക്കിയത് ചോദ്യം ചെയ്തതിനായിരുന്നു മർദനം.
കൊല്ലം കരിക്കോട് ആളൊഴിഞ്ഞ പറമ്പിൽ മൂന്നു ദിവസം മുൻപായിരുന്നു സംഭവം. ബൽറ്റുപയോഗിച്ചുള്ള മർദ്ദനത്തിനുശേഷം ശരീരത്തിനു മുകളിൽ കയറിയിരുന്നും മർദ്ദിക്കുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കുട്ടികളുടെ വീട്ടുകാരടക്കം സംഭവം അറിയുന്നത്.
പത്താം ക്ലാസിലും പ്ലസ്ടുവിലും പഠിക്കുന്ന കുട്ടികളാണ് പതിമൂന്നും പതിനാലും വയസുള്ള കുട്ടികളെ ക്രൂരമായി മർദിച്ചത്. കരിങ്കൽ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു മർദ്ദനമെന്ന് അടിയേറ്റ കുട്ടി പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.