കുടമാളൂര്‍: കൂലി ചോദിച്ച ഭിന്നശേഷിക്കാരനെ കരാറുകാരന് മര്‍ദിച്ചു. പിന്നാലെ ഗുണ്ടാ സംഘം ആക്രമിച്ചതായി കരാറുകാരന്റെ പരാതി. കുടമാളൂര്‍ പള്ളിക്കുസമീപം താമസിക്കുന്ന കരാറുകാരന് ആന്റണി മഹേന്ദ്രനെതിരെ പോലീസ് കേസെടുത്തു.
കുടമാളൂര്‍ സ്വദേശിയും സംസാര ശേഷി കുറവുള്ളതുമായ മനു മോന് സെബാസ്റ്റിയ(28)നെ മര്‍ദിച്ച സംഭവത്തിലാണ് മഹേന്ദ്രനതിരെ കേസെടുത്തിരിക്കുന്നത്.
ഇയാള്‍ക്കെതിരെ സമീപ വാസികളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഞായറാഴ്ചയാണ് യുവാവിനെ മര്‍ദിച്ച സംഭവമുണ്ടായത്.
ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിന്റെ പേരിലാണ് മഹേന്ദ്രന് മനുവിനെ മര്‍ദിച്ചത്. കവലയില്‍ ഉടുവസ്ത്രങ്ങള്‍ വലിച്ചുകീറി പൂര്‍ണ നഗ്നനാക്കിയായിരുന്നു മര്‍ദനം. പത്തു മിനിറ്റോളം നഗ്നനാക്കി ഉപദ്രവിച്ചു.
പ്രശ്നത്തില്‍ ഇടപെട്ട സമീപവാസികളേയും ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഇതിനു ശേഷമാണ് ആര്‍പ്പൂക്കര പനമ്പാലം കേന്ദ്രീകരിച്ചു ഗുണ്ടാ സംഘം അക്രമിച്ചതായി ആരോപിച്ചു ആന്റണി മഹേന്ദ്രന് പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നത്.