ചിങ്ങവനം: പെരുനാളിനുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് അടിപിടിയും വീടുകയറിയുള്ള ആക്രമണവും നടത്തിയ സംഭവത്തിലെ പ്രധാന സൂത്രധാരനും ഒന്നാം പ്രതിയുമായ മലകുന്നം തടത്തിൽപറന്പിൽ അനന്തു (അപ്പു-25) ഒളിവിൽ. സംഭവത്തിൽ പത്തു പ്രതികളാണുള്ളത്. ഇതിൽ മൂന്നുപേരെ കഴിഞ്ഞ ദിവസം ചിങ്ങവനം പോലീസ് പിടികൂടിയിരുന്നു. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.
കുറിച്ചി മലകുന്നം സ്വദേശികളായ ജോസി ജോസ്(28), എബിൻ വർഗീസ്(21), അലൻ തോമസ്(20) എന്നിവരെയാണു ചിങ്ങവനം എസ്ഐ സ്പെപ്റ്റോ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മലകുന്നത്തുള്ള പള്ളിയിലെ പെരുനാളിനുപോയ മലകുന്നം ഇലഞ്ഞിയിൽ സന്ദീപും(27) അനന്തുവുമായി പകൽ വാക്കുതർക്കമുണ്ടായി. കോഴിക്കോട് ജോലി ചെയ്തിരുന്ന സന്ദീപിന്റെ മോതിരംമാറൽ ഞായറാഴ്ചയായിരുന്നു.
ചടങ്ങു കഴിഞ്ഞ് രണ്ട് സുഹൃത്തുക്കളുമായി വഴിയിൽ സംസാരിച്ചു നിൽക്കുന്പോൾ അതുവഴി ബൈക്കിൽ വന്ന അനന്തു ഭീഷണി മുഴക്കുകയും തുടർന്നു വഴക്കുണ്ടാക്കുകയും ചെയ്തു. അവിടെനിന്നു പോയ അനന്തു രാത്രിയിൽ കൂടുതൽ ആളുകളേയും കൂട്ടി വന്ന് സന്ദീപിനേയും കൂടെയുണ്ടായിരുന്ന ജോജിയേയും മർദിക്കുകയും സ്കൂട്ടർ അടിച്ചു നശിപ്പിക്കുകയും ചെയ്തു.
പിന്നീട് വീട്ടിലെത്തിയും ആക്രമണം അഴിച്ചുവിടുകയായിരുന്നു. പോർച്ചിൽ കിടന്ന കാർ എറിഞ്ഞു തകർക്കുകയും വീടിനുള്ളിൽ കയറി സ്ത്രീകളെയടക്കം മർദിക്കുകയും ചെയ്തെന്നു പോലീസ് പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ സന്ദീപും കുടുംബാംഗങ്ങളും ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവരുടെ പരാതിയിലാണ് ചിങ്ങവനം പോലീസ് മൂന്നു പേരെ പിടികൂടിയത്. അറസ്റ്റ് ചെയ്തവരെ ഇന്നു കോടതിയിൽ ഹാജരാക്കും.