പാനൂർ: വീട്ടിൽ കയറി അമ്മയെയും മകനെയും മർദിച്ചു. മൂന്നംഗ അക്രമിസംഘത്തെ അറസ്റ്റു ചെയ്യാതെ വിട്ടയച്ചതായി ആരോപണം. പാലത്തായിലെ വലിയകാട്ടിൽ നബീസു (68), മകൻ മുസ്തഫ (50) എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ പാനൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിൽ കലാശിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് കണ്ണൂർ സ്വദേശി മുസ്തഫയടക്കം മൂന്ന് പേരെ പിടികൂടിയെങ്കിലും അറസ്റ്റ് രേഖപ്പെടുത്താതെ ഞായറാഴ്ച രാത്രി തന്നെ വിട്ടയച്ചതായാണ് പരാതി.
ഇന്നലെ വൈകുന്നേരത്തോടെയാണ് പാനൂർ പോലീസ് കേസെടുത്തത്. കേസെടുക്കാൻ വൈകിച്ചതായും അക്രമിസംഘത്തെ അറസ്റ്റു ചെയ്യാതെ വിട്ടയച്ചതായും പരാതിയുണ്ട്. വീട് അടിച്ചു തകർക്കുകയും മാതാവിനെയും മകനെയും മർദിക്കുകയും ചെയ്ത സംഭവത്തിൽ നിസാര വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്നും ആരോപണമുണ്ട്. മർദനമേറ്റവരുടെ പരാതി പ്രകാരം സംഭവത്തിൽ ഡിഐജി ഇടപെട്ടിട്ടുണ്ട്.