കൊയിലാണ്ടി: കോഴിക്കോട്-വടകര- കണ്ണൂർ റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നു. കൊയിലാണ്ടിയിൽ ബസ് ജീവനക്കാരെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. തൃശ്ശൂർ- കണ്ണൂർ ബസ് തൊഴിലാളി വാട്സ്ആപ്പ് കുട്ടായ്മയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
പണിമുടക്കിനെ തുടർന്ന് ഈ റൂട്ടിലുള്ള ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞു. കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചാണ് പലരും ലക്ഷ്യസ്ഥാനങ്ങളിലെത്തിയത്. ആളുകളെ കുത്തിനിറച്ചാണ്കെഎസ്ആർടിസി ബസുകൾ ഈ റൂട്ടിൽ സർവീസ് നടത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് കൊയിലാണ്ടിയിൽ ബസ് തൊഴിലാളികളായ ഷബീറിനും സിറാജിനും മർദനമേറ്റിരുന്നു. കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന “ലെന’ ബസിലെ ജീവനക്കാരാണ് ഇവർ. ഇവരുടെ ബസ് കൊയിലാണ്ടിയിൽവച്ച് ഒരു ബൈക്കിൽ ഉരസുകയായിരുന്നു.
സംഭവം തർക്കത്തിലേക്കും അടിപിടിയിലേക്കുമെത്തുകയായിരുന്നു.പരിക്കേറ്റ ഷബീറിനെയും സിറാജിനെയും കൊയിലാണ്ടി താലുക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ കാണാനെത്തിയ ബസ് തൊഴിലാളികൾക്കും മർദനമേറ്റതായി ഇവർ ആരോപിച്ചു.