മൂവാറ്റുപുഴ: അസം സ്വദേശിനിയായ നാലര വയസുകാരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ പരുക്കിനു കാരണം പീഡനമല്ലെന്നു സൂചന.
ഭക്ഷ്യവിഷബാധയാണോ എന്ന സംശയം ശക്തമായിട്ടുണ്ട്. . ഇന്നലെ ചൈൽഡ് ലൈൻ പ്രവർത്തകർ പെൺകുട്ടി ചികിത്സയിൽ കഴിയുന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു.
കൗൺസലിംഗ്
സമാന ലക്ഷണങ്ങൾ കാണിച്ചിരുന്ന ഇളയ കുട്ടി മൂന്നു വയസുകാരിയെ ചൈൽഡ് ലൈൻ പ്രവർത്തകർ ഇന്നലെ കൗൺസലിംഗിനു വിധേയയാക്കി. എന്നാൽ, കുട്ടിയെ ആരും ഉപദ്രവിച്ചതായി പറഞ്ഞിട്ടില്ലന്നാണ് അറിയാൻ കഴിഞ്ഞത്.
കുട്ടികളുടെ ആശുപത്രിയിൽ സർജറി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന നാലരവയസുകാരിയെ പക്ഷേ, കൗൺസിലിംഗ് നടത്താൻ കഴിഞ്ഞില്ല.
ഒരാഴ്ച കഴിഞ്ഞ ശേഷമേ കുട്ടിയെ കൗൺസിലിംഗിനു വിധേയയാക്കാൻ സാധിക്കൂ എന്നാണ് ഡോക്ടർമാർ അറിയിച്ചത്.
ഒരേ ലക്ഷണങ്ങൾ
ഭക്ഷ്യ വിഷബാധയാണ് കാരണമെന്നാണ് നിലവിൽ പോലീസും കരുതുന്നത്. ഇരുവർക്കും ഒരേ ലക്ഷണങ്ങൾ കാട്ടിയതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
കുട്ടികൾക്കു കടുത്ത വയറുവേദനയും വയറ്റിൽനിന്നു രക്തം പോകുകയും ചെയ്തതോടെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്.
തുടർന്ന് അവിടെനിന്നു കഴിഞ്ഞ ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
പരിക്കുകൾ
ഇവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ കുടലും മലാശയവും ചേരുന്ന ഭാഗത്ത് പൊട്ടലും സ്വകാര്യ ഭാഗങ്ങളിൽ പരിക്കും തുടയെല്ല് പൊട്ടിയതായും കണ്ടെത്തിയത്.
പ്രകൃതി വിരുദ്ധ പീഡനം നടത്തിയതിനു തുല്യമായ ലക്ഷണങ്ങളാണെന്നു കണ്ടതോടെയാണ് മെഡിക്കൽ കോളജ് അധികൃതർ പോലീസിന് വിവരം കൈമാറിയത്. എന്നാൽ, കുടലിനേറ്റ പരിക്കുകൾ പീഡനത്തിന്റേതല്ല ഭക്ഷ്യ വിഷബാധമൂലം ഉണ്ടായതാകം എന്നാണ് പ്രാഥമിക വിലയിരുത്തൽ.
തുടയെല്ല് പൊട്ടിയതു ശുചിമുറിയിൽ വീണാണെന്നാണ് മാതാപിതാക്കൾ പോലീസിനോടു പറഞ്ഞിരിക്കുന്നത്. മൂവാറ്റുപുഴ പെരുമറ്റത്ത് വാടകയ്ക്കു താമസിക്കുകയാണ് ഈ കുടുംബം.
സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ പോലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തിയിരുന്നു.