ചാരുംമൂട് :വ്യാപാരിയെ കടയിൽ കയറി ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ചാരുംമൂട് ജംഗ്ഷനിൽ എ വൺ ഫാൻസി എന്ന സ്ഥാപനം നടത്തുന്ന ഓച്ചിറ മഠത്തിക്കാരായ്മ സഫ മൻസിലിൽ ഹസൻകുഞ്ഞ് (55 )നാണ് മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
വ്യാപാരിയെ ആക്രമിച്ച ആളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. താമരക്കുളം വേടരപ്ലാവ് ആര്യദർശിൽ വിജയകുമാർ എന്ന ആളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാപാരിയുമായുണ്ടായ സാമ്പത്തിക ഇടപാടിന്റെ പേരിലുള്ള വാക്കുതർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.
കടയിലെ വനിത ജീവനക്കാരികളെയും ആക്രമിക്കാൻ ശ്രമം നടന്നു. വനിത ജീവനക്കാരികളെ കടയ്ക്കുള്ളിലാക്കി കടയുടെ ഷട്ടർ ഇട്ടതായും പരാതിയുണ്ട്.ഇന്നലെ വൈകുന്നേരം അഞ്ചോടെ റംസാൻ വ്രതം എടുത്തിരുന്ന ഹസൻകുഞ്ഞ് ചാരുംമൂട് ടൗൺ മസ്ജിദിൽ നമസ്കാരം കഴിഞ്ഞ് കടയിലെത്തിയപ്പോഴായിരുന്നു ആക്രമണം.
സംഭവത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. വ്യപാരികൾ ഹർത്താൽ ആചരിച്ചു . ഫാൻസി വ്യാപാരിയെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പതിനൊന്ന് മണിവരെ ചാരുംമൂട്ടിൽ കടകൾ അടച്ചിട്ട് ഹർത്താൽ ആചരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര,യൂണിറ്റ് ജനറൽ സെക്രട്ടറി ഗിരീഷ് അമ്മ, ട്രഷറർ എബ്രഹാം പറമ്പിൽ എന്നിവർ പ്രതിഷേധിച്ചു.അക്രമിക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.