കണ്ണപുരം: മുഖം മൂടി ധരിച്ചെത്തിയ ആൾ കോൺഗ്രസ് പ്രവർത്തകനെ വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ചു. പുഞ്ചവയൽ പട്ടികജാതി കോളനിയിൽ അംബേദ്കർ വിജ്ഞാൻ വാടിക്കു സമീപമുള്ള കോൺഗ്രസ് പ്രവർത്തകൻ പനയൻ ഷാജിക്കാണ് മർദനമേറ്റത്.
ഇന്നലെ രാത്രി ഒന്പതോടെയായിരുന്നു മുഖം മറച്ചും ഹെൽമറ്റ് ധരിച്ചുമെത്തിയ ആൾ ആക്രമിച്ചത്. പുറത്ത് നിന്ന് ഷാജിയെ വിളിച്ചപ്പോൾ വാതിൽ തുറന്ന് പുറത്തിറങ്ങുകയായിരുന്ന ഷാജിയെ കടന്നാക്രമിക്കുകയായിരുന്നു.
മുഖത്ത് കുത്തി പരിക്കേൽപ്പിച്ച ശേഷം വീടിനു പുറത്ത് മറ്റൊരാൾ സ്റ്റാർട്ടാക്കി നിർത്തിയിട്ടിരുന്ന ബൈക്കിൽ അക്രമി കയറി രക്ഷപ്പെടുകയായിരുന്നുവെന്ന് ഷാജി കണ്ണപുരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പനയൻ ഷാജിക്കു നേരെയുണ്ടായ അക്രമത്തിൽ കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ഇത്തരം ക്രിമിനലുകളെ കണ്ടെത്താനും അക്രമം ആവർത്തിക്കാതിരിക്കാനും പോലീസ് ജാഗ്രത പുലർത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.