തിരുവനന്തപുരം: ഫോർട്ട് സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത രണ്ടുപേർ അറസ്റ്റിൽ. സംഭവത്തിൽ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് പ്രതിഷേധം തുടങ്ങി. ഇന്നലെ രാത്രി പന്ത്രണ്ട രയോടെയായിരുന്നു സംഭവം.
ആശുപത്രിയിൽ മുറിവ് ഡ്രസ്സ് ചെയ്യാനെത്തിയ റഷീദ്, റഫീക്ക് എന്നിവരാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ മർദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു.
അത്യാഹിത വിഭാഗത്തിൽ ശ്വാസതടസ്സവുമായി എത്തിയ രോഗികളെ പരിശോധിക്കുകയായിരുന്ന ഡോക്ടറുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും പ്രതികൾ കയ്യേറ്റം ചെയ്യുകയുമായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
കരിമടം സ്വദേശികളായ റഷീദ്, റഫീക്ക് എന്നിവരാണ് വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവർക്കുമെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെ ന്ന് പോലീസ് പറഞ്ഞു. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ഷാജി, സിഐ. രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കെജിഎംഒഎ പ്രതിഷേധിച്ചു.
തിരുവനന്തപുരം: ഫോർട്ട് താലൂക്കാശുപത്രിയിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കെജിഎംഒഎ ശക്തമായി പ്രതിഷേധിച്ചു.
പ്രതികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെജിഎംഒഎ ജില്ലാ പ്രസിഡന്റ് ഡോ. സന്തോഷ് ബാബു, ജില്ലാ സെക്രട്ടറി ഡോ.പത്മപ്രസാദ് എന്നിവർ സംയുക്തമായി പ്രസ്താവിച്ചു.
പ്രതിഷേധ സൂചകമായി ഒപി ബഹിഷ്കരിച്ചുള്ള സമരം ഇന്ന് നടത്തുകയാണെന്നും ഇരുവരും അറിയിച്ചു.