സ്വന്തം ലേഖകൻ
പാലക്കാട് : ചിറ്റിലഞ്ചേരിയിൽ അച്ഛന്റെ അടിയേറ്റ് മകൻ മരിച്ചു. പാട്ട സ്വദേശി ബാലൻ മകൻ രതീഷ് (39) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.
രതീഷ് മദ്യപിച്ച് വീട്ടിലെത്തി ബഹളം വച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെയാണ് അച്ഛൻ മർദ്ദിച്ചത്. രതീഷിനെ ഉടൻ ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അച്ഛൻ ബാലനെ പോലീസ് കസ്റ്റഡിയിലെടുത്തു.കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് എംഎൻകെഎം ഹയർ സെക്കൻഡറി സ്കൂളിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്ന രതീഷ് ഇന്നലെയാണ് നെഗറ്റീവ് ആയി വീട്ടിലെത്തിയത്.
പോസിറ്റീവായിരിക്കെ തന്നെ സ്കൂളിൽനിന്നും കഴിഞ്ഞ ദിവസം രതീഷ് വീട്ടിലേക്ക് പോയിരുന്നു. എന്നാൽ വീട്ടിലേക്ക് കയറാൻ അച്ഛൻ സമ്മതിച്ചില്ലത്രെ.
തുടർന്ന് വീടിനു സമീപത്തെ ആൾ താമസമില്ലാത്ത മറ്റൊരു വീട്ടിൽ താമസിക്കുകയായിരുന്നുവെന്ന് പറയുന്നു. മദ്യപിച്ച് ഇന്നലെ വീട്ടിലെത്തിയ രതീഷ് അച്ഛൻ ബാലനുമായി വഴക്കുണ്ടാക്കി.
കൊടുവാൾ കൊണ്ട് അച്ഛനെ വെട്ടാൻ ശ്രമിക്കുന്നതിനിടെ ബാലൻ മരവടി കൊണ്ട് രതീഷിനെ അടിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.