വടക്കാഞ്ചേരി: പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് ഫ്രാൻസിസിനെ ഡ്യൂട്ടിക്കിടയിൽ മർദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്ത കേസിൽ ഹൈക്കോടതി സീനിയർ അഭിഭാഷകരായ പ്രതികൾക്ക് ഒരു ദിവസം തടവും 20,250 രൂപ പിഴയും വടക്കാഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് ഇ.വി. റാഫേൽ ശിക്ഷവിധിച്ചു.
ഹൈക്കോടതി സീനിയർ അഭിഭാഷകരായ കൂർക്കഞ്ചേരി പള്ളത്ത് വീട്ടിൽ അജീഷ്, പിതാവ് ചന്ദ്രൻ എന്നിവരെയാണു കോടതി ശിക്ഷിച്ചത്.2013ലാണു കേസിനാസ്പദമായ സംഭവം.
വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫ്രാൻസിസ് മറ്റു വാഹനങ്ങൾക്കു മാർഗതടസം ഉണ്ടാക്കിയ കാർ മാറ്റാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതരായ പ്രതികൾ ഹോം ഗാർഡിനോടു കയർത്തു സംസാരിക്കുകയും യൂണിഫോം വലിച്ചു കീറുകയും നെയിംബോർഡ് പൊട്ടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യാഗസ്ഥന്റെ കൃത്യനിർവഹണത്തിനു തടസം സൃഷ്ടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത വകുപ്പുകൾ പ്രകാരമാണു പ്രതികൾക്കെതിരെ കേസെടുത്തത്. എസ്ഐ സിന്ധുവായിരുന്നു അന്വഷണ ഉദ്യാഗസ്ഥ. പോസിക്യൂഷനുവേണ്ടി ടി.കെ. മനോജ് ഹാജരായി.
പ്രതികൾ മനുഷ്യാവകാശ കമ്മീഷൻ, പട്ടികജാതി, പട്ടികവർഗ കമ്മീഷൻ, പോലീസ് കംപ്ലയിന്റ് അഥോറിറ്റി എന്നിവയിൽ പരാതി നൽകിയെങ്കിലും അതെല്ലാം തള്ളിയിരുന്നു.സിആർപിഎഫ് ഉദ്യാഗസ്ഥനായിരുന്ന ഫ്രാൻസിസ് ഉന്നത ബഹുമതികൾ നേടിയതിനു ശേഷമാണു ഹോം ഗാർഡായി വടക്കാഞ്ചേരിയിൽ ജോലിയിൽ പ്രവേശിച്ചത്.