വെഞ്ഞാറമൂട്: പോലീസ് സ്റ്റേഷനു മുന്നിൽ കൈക്കുഞ്ഞുമായി ദേഹത്ത് പെട്രോൾ ഒഴിച്ച് എത്തി ആത്മഹത്യാ ഭീഷണി മുഴക്കിയ ദമ്പതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
വെഞ്ഞാറമൂട്ടിൽ ആക്രിക്കട നടത്തുന്ന തമിഴ്നാട് സ്വദേശികളായ മുരുകൻ (38), ഭാര്യ രാജേശ്വരി (30) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ഒരു വയസുള്ള പെൺകുഞ്ഞും ഇവർക്കൊപ്പമുണ്ട്. കുഞ്ഞിന്റെ ദേഹത്തും പെട്രോൾ പുരണ്ടിരുന്നു.മദ്യപാനിയായ മുരുകൻ നാലുമാസം മുമ്പ് മദ്യലഹരിയിൽ വീട്ടിലെത്തി ഭാര്യയുമായി വഴക്കിട്ട ശേഷം നാല് വയസുള്ള മൂത്ത മകനെ റോഡിലേക്ക് വലിച്ചെറിഞ്ഞിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മുരുകനെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്യുകയും കുട്ടിയെ ചൈൽഡ് ലൈൻ അധികൃതർ ഏറ്റെടുക്കുകയും സിഡബ്ള്യുസിയെ ഏൽപ്പിക്കുകയും ചെയ്തിരുന്നു.
ജയിൽ മോചിതനായ മുരുകൻ കുട്ടിയെവിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഭാര്യയുമായി ചൈൽഡ് വെൽഫയർ അധികൃതരെ സമീച്ചിരുന്നു.
എന്നാൽ പോലീസ് ക്ലിയറൻസ് ഇല്ലാതെ കുട്ടിയെ വിട്ടുനൽകാൻ കഴിയില്ലെന്ന് അറിയിച്ചപ്പോൾ അവിടെ നിന്നും മടങ്ങിയ ഇരുവരും ഇന്നലെ രാവിലെ പോലീസ് സ്റ്റേഷനിലെത്തി കുഞ്ഞിനെ വിട്ടു നൽകിയില്ലങ്കിൽ സ്റ്റേഷന് മുന്നിൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
പോലീസ് ഇവരെ പറഞ്ഞ് സമാധാനിപ്പിയ്ക്കുകയും കുട്ടിയെ വിട്ട് കിട്ടാൻ വേണ്ടത് ചെയ്യാം എന്ന് ഉറപ്പ് നൽകുകയും ചെയ്തതോടെ ഇരുവരും കുട്ടിയുമായി വീട്ടിലേക്ക് മടങ്ങി.
തുടർന്നാണ് ദമ്പതികൾ ദേഹത്ത് പെട്രോൾ ഒഴിച്ചശേഷം കുഞ്ഞിനെയുമെടുത്ത് ആത്മഹത്യാ ഭീഷണിയുമായി വീണ്ടും സ്റ്റേഷനിൽ എത്തിയത്. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് ദമ്പതികളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇതേസമയം മുരുകന് പോലീസ് ക്ലിയറൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് സിഡബ്ള്യുസിയിൽ നിന്നും ഇതുവരേയും ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വെഞ്ഞാറമൂട് പോലീസ് അറിയിച്ചു.