കോട്ടയം: റോഡിൽ തമ്മിലടിച്ചിട്ടും കലിപ്പ് തീർന്നില്ല. ഒടുവിൽ രാത്രിയിൽ വീട്ടിൽ കയറി ആക്രമിച്ച സഹോദരങ്ങൾ അടക്കം ആറംഗ സംഘം പോലീസ് പിടിയിലായി.
കൈപ്പുഴ കുര്യാറ്റുകുന്നേൽ കോളനിയിൽ കുര്യാറ്റുകുന്നേൽ അമൽ വർഗീസ് (22), സഹോദരൻ അലൻ വർഗീസ് (18), അതിരന്പുഴ ശ്രീകണ്ഠമംഗലം മങ്കോട്ടിപ്പറന്പിൽ വൈശാഖ് (24), കൈപ്പുഴ പുളിങ്കാല ഭാഗത്ത് വഞ്ചിയിൽ ഷിജു ജോയി, കൈപ്പുഴ പൂഴിക്കനട ഭാഗത്ത് കുന്നുംപുറത്ത് രഞ്ജിത്ത് ബാബു (25), കൈപ്പുഴ ചൊള്ളക്കരയിൽ ജിതിൻ (24) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: സുഹൃത്തുക്കളായ ഇവർ തമ്മിൽ വാഹനം റെന്റിന് എടുക്കുന്നതുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു.
പീന്നിട് ഒരു ദിവസം രാത്രി കൈപ്പുഴ ശാസ്താങ്കൽ ഗുരുമന്ദിരം ഭാഗത്തു വച്ച് ഓട്ടോയിൽ വന്ന വൈശാഖിനെയും ഷിജുവിനെയും സഹോദരങ്ങളായ അമലും അലനും കാണുകയും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും അക്രമത്തിൽ കലാശിക്കുകയും ചെയ്തു.
അമലും അലനും ചേർന്നു കന്പി വടി ഉപയോഗിച്ച് ഇവരെ ആക്രമിച്ചു. ഇതിനു പകരം വീട്ടുന്നതിനായി അന്നു രാത്രി 10നു വൈശാഖും ഷിജുവും രഞ്ജിത്ത്, ജിതിൻ എന്നിവരുമായി ചേർന്ന് അമലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി കന്പി വടികൊണ്ട് അമലിനെ അടിച്ചു പരിക്കേൽപ്പിക്കുകയും വീട്ടിലുണ്ടായിരുന്ന അമലിന്റെ അമ്മയെ തള്ളിയിടുകയും ചെയ്തു.
തുടർന്ന് പോലീസ് എത്തി വിവിധ സ്ഥലങ്ങളിൽ നിന്നായി ആറു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. അമലിനു ഗാന്ധിനഗർ സ്റ്റേഷനിൽ മറ്റൊരു കേസും വൈശാഖിന് ഏറ്റുമാനൂർ സ്റ്റേഷനിലും കേസുകളുണ്ട്.
ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജി, എസ്ഐമാരായ വി. വിദ്യാ, പ്രദീപ് ലാൽ, സിപി സോണി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.