പേരാവൂർ: ഭർതൃവീട്ടിൽ നിന്ന് മർദനമേറ്റ പരിക്കുകളോടെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേരാവൂർ മുരിങ്ങോടിയിലെ സിറാജ്- സമീറ ദന്പതികളുടെ മകൾ കെ. ഷബ്ന (23) യെയാണ് പരിക്കുകളോടെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഷബ്നയുടെ ഭർത്താവ് കണ്ണവം കൈച്ചേരിയിലെ സനീർ വിദേശത്താണ്. വ്യാഴാഴ്ച കൈച്ചേരിയിലെ വീട്ടിലെത്തിയ ഷബ്നയുമായി സനീറിന്റെ മാതാപിതാക്കളായ മുഹമ്മദും സൂറയും വാക്ക് തർക്കമുണ്ടാവുകയും ഇരുവരും ചേർന്ന് തന്നെ കൈകൊണ്ടും വടികൊണ്ടും മർദിച്ചുവെന്നുമാണ് ഷബ്ന പറയുന്നത്.
സ്ത്രീധനത്തിന്റെ പേരിൽ ഏറെ നാളുകളായി ഭർത്താവും ഭർതൃവീട്ടുകാരും നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും ഷബ്ന പറഞ്ഞു.മൂന്ന് വർഷം മുന്പ് വിവാഹിതയായ ഇവർക്ക് ഒന്നര വയസുള്ള ആൺകുട്ടിയുമുണ്ട്.പേരാവൂർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.