നെടുമ്പാശേരി: രണ്ടര വയസുകാരിയെ ആംഗന്‍വാടി ടീച്ചര്‍ ക്രൂരമായി അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ചെങ്ങമനാട് തേറാട്ടിക്കുന്നില്‍ കുന്നിലേപ്പറമ്പ് സുരേഷിന്റെ മകള്‍ നിവേദ്യക്കാണു ദേഹമാസകലം അടിയേറ്റത്. കുളവന്‍കുന്നില്‍ പാറക്കടവിലുള്ള ആംഗന്‍വാടിയിലെ ടീച്ചര്ക്കെതിരേയാണു പരാതി. കഴിഞ്ഞ 23നായിരുന്നു സംഭവം. വൈകിട്ട് ആംഗന്വാടിയില്നിന്നു മടങ്ങിയെത്തിയപ്പോള്‍ കുട്ടിയുടെ പുറത്തു വടികൊണ്ട് അടിച്ച ഏഴോളം പാടുകള്‍ കാണുകയായിരുന്നു.
കുട്ടിയോടു തിരക്കിയപ്പോള്‍ ടീച്ചര്‍ അടിച്ചതാണെന്നു പറഞ്ഞു. ഉടന്‍ തന്നെ ടീച്ചറുടെ അടുത്തെത്തി കാര്യം ചോദിച്ചെങ്കിലും അടിച്ചെന്ന കാര്യം അവര്‍ നിഷേധിച്ചു. എന്നാല്‍ ആലുവ ജില്ലാ ആശുപത്രിയിലെത്തി നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തിലെ പാടുകള്‍ വടി കൊണ്ട് അടിച്ചതാണെന്നു വ്യക്തമായി. തുടര്‍ന്നു ചൈല്‍ഡ് ലൈനിലും പോലീസിലും പരാതി നല്‍കിയെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ല.
കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിലെത്തി വീണ്ടും പരാതി എഴുതി നല്‍കിയതോടെയാണു കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറായത്. ടീച്ചര്‍ തല്ലിയതാണെന്നു കുട്ടി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. അധ്യാപികയെ സംരക്ഷിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നു നിവേദ്യയുടെ പിതാവ് സുമേഷ് ആരോപിച്ചു. നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്, പട്ടികജാതി മന്ത്രി എന്നിവര്‍ക്കു പരാതി നല്‍കുമെന്നും സുമേഷ് പറഞ്ഞു.