മാരാരിക്കുളം: എസ്എൽ പുരത്ത് ബാറിന് മുന്നിൽ നടനും നാട്ടുകാരും ഏറ്റുമുട്ടി. രണ്ട് പേർക്ക് പരിക്ക്. എസ്എൽപുരം അറയ്ക്കൽ ഹരീഷ്(31), പഴയതോപ്പിൽ അനൂപ്(30)എന്നിവർക്കാണ് പരിക്കേറ്റത്. ചലച്ചിത്ര നടൻ തിരുവിഴ സ്വദേശി സുധീറും നാല് സുഹൃത്തുകളും ഉപദ്രവിച്ചതായിട്ടാണ് പരാതി.
ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. നടനും സുഹൃത്തുക്കളും എസ്എൻപുരത്തെ ബാറിന് സമീപം ദേശീയപാതയ്ക്ക് അരികിൽ നിർത്തിയിട്ടിരുന്ന ആഡംബരകാറിൽ ഇരിക്കുകയായിരുന്നു. കാറിന്റെ വാതിൽ തുറന്നപ്പോൾ നടന്നു പോകുകയായിരുന്ന ഹരീഷിന്റെ ദേഹത്ത് തട്ടി.
ഇത് ചോദ്യം ചെയ്തത് സംഘട്ടനത്തിലേക്ക് എത്തി. ഹരീഷിന്റെ മൂക്കിനും കണ്ണിനും പരിക്കേറ്റു. വിവരം അറിഞ്ഞ നാട്ടുകാർ വിഷയത്തിൽ ഇടപെട്ടു. ബാറിന് മുന്നിൽ നടനും സുഹൃത്തുക്കളും നാട്ടുകാരുമായി ഏറ്റുമുട്ടി. സമീപത്തെ മാരാരിക്കുളം പോലീസ് സ്റ്റേഷനിൽ നിന്ന് പോലീസ് എത്തിയാണ് സംഘട്ടനം ഒഴിവാക്കിയത്.
പരിക്കേറ്റ ഹരീഷിനെയും അനൂപിനെയും ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവിടെയും ഭീഷണി ഉണ്ടായതായി പരാതിയുണ്ട്. ഇതേ തുടർന്ന് പരിക്കേറ്റ ഇരുവരേയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. മാരാരിക്കുളം പോലീസ് കേസെടുത്തു.