ഇരിട്ടി : ആറളം പഞ്ചായത്ത് വീര്‍പ്പാട് വാര്‍ഡ് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോളനിനിവാസികളെ തട്ടിക്കൊണ്ടുപോയി മര്ദ്ദിച്ചവശരാക്കിയതായ സംഭവത്തിൽ അന്വേഷണം ഊർജിതം . റൂറൽ എസ്പി നവനീത് ശർമ, ഡിവൈഎസ്പി പ്രിൻസ് എബ്രഹാം എന്നിവർ ഇന്ന് രാവിലെ വീർപ്പാട് കോളനിയിൽ എത്തി അന്വേഷണം നടത്തി.
പരിക്കേറ്റ വീര്‍പ്പാട് കോളനിയിലെ ശശി (45 ), ബാബു (48 ) എന്നിവരെ ഇരിട്ടി താലൂക്കാശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു . വീര്‍പ്പാട് കോളനിയിലെ ശശി, ബാബു എന്നിവരെയാണ് തെരഞ്ഞെടുപ്പിന് തലേദിവസം തട്ടിക്കൊണ്ടു പോയതായുള്ള പരാതിയുമായി കുടുംബാഗംങ്ങള്‍ രംഗത്ത് വന്നത്.
ഇതില്‍ ബാബു ഇവര്‍ ഒളിവില്‍ പാര്‍പ്പിച്ച സ്ഥലത്തുനിന്നും രക്ഷപ്പെട്ട് തിരിച്ചെത്തി. കാറില്‍ തട്ടിക്കൊണ്ടുപോയവര്‍ തന്നെ മര്‍ദ്ദിച്ചവശനാക്കുകയും മദ്യം കുടിപ്പിക്കുവാന്‍ ശ്രമിച്ചതായും ബാബു പറഞ്ഞു. ഒടുവില്‍ ഒളിവില്‍ പാര്‍പ്പിച്ച കെട്ടിടത്തിന്റെ ഓടിളക്കി ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് ബാബു പറഞ്ഞത്.
എന്നാല്‍ ശശിയെ കാണാതായതോടെ ഇവരെ തട്ടിക്കൊണ്ടുപോയതാണെന്നു കാണിച്ച് കുടുംബം ചൊവ്വാഴ്ച വൈകുന്നേരം ആറളം പോലീസില്‍ പരാതി നല്‍കിയിരുന്നു .ഇതിനു ശേഷം ഇന്നലെ പോളിംഗ് അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ശശിയെ ചിലര്‍ റോഡില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് കോളനി വാസികള്‍ പറഞ്ഞു.
അവശനിലയില്‍ ബോധമില്ലാതെ കിടന്ന ശശിയെ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി. ശോഭ, അയ്യങ്കുന്ന് പഞ്ചായത്തു മെമ്പര്‍ മിനി വിശ്വനാഥന്, ആറളം പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇരിട്ടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷക്ക് ശേഷം ശശിയുടെ ഗുരുതരാവസ്ഥ പരിഗണിച്ച് ജില്ലാശുപത്രിയിലേക്ക് മാറ്റി. ശശിയുടെ തലയില്‍ ക്ഷതമേറ്റതായി സംശയിക്കുന്നുണ്ട്.
അക്രമത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും അക്രമികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും സണ്ണി ജോസഫ് എംഎല്‍എ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. അക്രമത്തിന് സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു . എന്നാല്‍ സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ് സിപിഎം പറയുന്നത് .
സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും , യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും സിപിഎം നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്. പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.