കല്‍പ്പറ്റ: വയനാട്ടില്‍ ആദിവാസി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ വാര്ഡന് മര്‍ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നാലാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ജില്ലാ പോലീസ് മേധാവിയോട് മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടു.
ട്രൈബല്‍ ഓഫീസറോടും വിദ്യാഭ്യാസ ഉപഡയറക്ടറോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.വയനാട്ടിലെ നെന്മേനി ആനപ്പാറ ട്രൈബല്‍ ഹോസ്റ്റലിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണു പോലീസില്‍ പരാതി നല്‍കിയത്.
ചീങ്ങേരി കോളനി നിവാസിയായ ഒമ്പതു വയസുകാരനെ ഗുണനപ്പട്ടിക തെറ്റിച്ചെന്നു പറഞ്ഞുകൊണ്ടാണു വാര്ഡന് മര്‍ദിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മര്‍ദ്ദനമേറ്റതെന്നു ബത്തേരിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥി പറഞ്ഞു.
നിലം തുടയ്ക്കുന്ന മോപ്പുപയോഗിച്ചു വാര്ഡന് തന്നെ അടിച്ചെന്നും കുട്ടി പറഞ്ഞു. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്ഡന് അനൂപിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.