ചേർത്തല: എറണാകുളത്ത് ട്രാവൽ ഏജൻസി നടത്തുന്ന ആലപ്പുഴ സ്വദേശിയെ ചേർത്തലയിൽ വിളിച്ചുവരുത്തി രണ്ടുദിവസം തടവിലാക്കി മർദിച്ചതായി പരാതി. മറ്റൊരു ട്രാവൽ ഏജൻസി ഉടമയും ചേർത്തല സ്വദേശിയുമായ യൂത്ത് കോണ്ഗ്രസ് നേതാവ് നിയോഗിച്ച സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. ആലപ്പുഴ നോർത്ത് ആര്യാട് കോളമപുരം തോപ്പുചിറ ലെനിന്റെ മകൻ അജയഘോഷ് (28) ആണ് പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്നത്.
ഞായറാഴ്ച രാത്രി ചേർത്തല എക്സ് റേ ബൈപാസിൽ വിളിച്ചുവരുത്തി നാലംഗസംഘം കാറിൽ കൊണ്ടുപോയി മുറിക്കുള്ളിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ചുവെന്നും ബുധനാഴ്ച പുലർച്ചെ തന്ത്രപൂർവം രക്ഷപ്പെട്ടുവെന്നും അജയഘോഷ് പറഞ്ഞു. ചേർത്തല നഗരത്തിനടുത്ത അജ്ഞാത കേന്ദ്രത്തിലെ കെട്ടിടത്തിലെ മുറിക്കുള്ളിലാണ് മർദനം നടത്തിയത്.
വാടകയ്ക്കെടുത്ത വാഹനങ്ങൾ തിരിച്ച് നൽകാത്തതിനെതിരെ പോലീസിൽ പരാതിപ്പെട്ടതാണ് ആക്രമണമണത്തിന് കാരണം. സംഘം ചേർന്ന് ഇടിയ്ക്കുകയും ഹോക്കി സ്റ്റിക്ക്, കസേര തുടങ്ങിയവ ഉപയോഗിച്ച് അടിയ്ക്കുകയും ചെയ്തു. അവശനായിട്ടും വിട്ടയക്കാൻ തയാറായില്ല. കൊല്ലുമെന്ന് ആക്രോശിച്ചാണ് മർദനം തുടർന്നത്. രാത്രി ഒരാളെ കാവലിട്ടാണ് മറ്റുള്ളവർ പോയത്.
അക്രമിസംഘത്തിലെ രണ്ടുപേരെ കണ്ടുപരിചയമുണ്ട്. പുലർച്ചെ തന്ത്രപൂർവം വാതിൽതുറന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയെന്ന് അജയഘോഷ് പറഞ്ഞു. ചേർത്തലയിലെ യൂത്ത് കോണ്ഗ്രസ് നേതാവും എറണാകുളത്തെ ട്രാവൽ ഏജൻസി ഉടമയുമായ യുവാവിന്റെ ക്വട്ടേഷനാണ് ആക്രമണത്തിനുപിന്നിലെന്ന് അജയഘോഷ് പോലീസിനോട് പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജയഘോഷിനെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശരീരമാകെ മർദനത്തിന്റെ പരിക്കുണ്ട്. പരാതിക്കാരന്റെ മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് ചേർത്തല എസ്ഐ പ്രതാപചന്ദ്രൻ പറഞ്ഞു.