മൂവാറ്റുപുഴ: അനധികൃത മണ്ണെടുപ്പ് ചോദ്യം ചെയ്യുകയും മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്ത വിദ്യാർഥിനിക്ക് മണ്ണ് മാഫിയയുടെ ക്രൂരമർദനം. മാറാടി കാക്കൂച്ചിറയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം.
മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയായ മുതുകല്ല് വേങ്ങപ്ലാവിൽ അക്ഷയ ലാലുവിനാണ് മർദനമേറ്റത്. പരിക്കേറ്റ അക്ഷയയെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെനടന്ന അനധികൃത മണ്ണെടുപ്പ് സമീപവാസികളുടെ പരാതിയെ തുടർന്നു പോലീസ് ഇടപെട്ട് നേരത്തെ നിർത്തിവയ്പിച്ചിരുന്നു.
നാട്ടുകാരില്ലാത്ത സമയം നോക്കി വാഹനങ്ങളുമായി മണ്ണെടുക്കാൻ എത്തിയപ്പോൾ അക്ഷയ അത് മൊബൈൽ ഫോണിൽ പകർത്തി.
ഇതു കണ്ട് മണ്ണെടുക്കാൻ വന്ന സംഘത്തിലെ ഒരാൾ രോഷാകുലനായി വിദ്യാർഥിനി എന്ന പരിഗണന പോലുമില്ലാതെ പിന്നാക്ക വിഭാഗത്തിലുള്ള അക്ഷയയെ ക്രൂരമായി മർദിക്കുകയായിരുന്നു.
അസഭ്യവർഷം നടത്തുകയും ഫോണ് പിടിച്ചുവാങ്ങി നിലത്ത് എറിയുകയും ചെയ്തു.വിദ്യാർഥിനിയുടെ പരാതിയിൽ ഒരാൾക്കെതിരേ മൂവാറ്റുപുഴ പോലീസ് കേസെടുത്തിട്ടുണ്ട്.
പോലീസ് ആശുപത്രിയിലെത്തി വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തി.പ്രദേശത്ത് അനധികൃത മണ്ണെടുപ്പ് വ്യാപകമാണെന്നു നാട്ടുകാർ പറയുന്നു.
മണ്ണ് മാഫിയയ്ക്കും വിദ്യാർഥിനിയെ മർദിച്ച പ്രതിക്കുമെതിരേ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്കു നേതൃത്വം നൽകുമെന്ന് യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിക്കു വർഗീസ് താണിവീടൻ മുന്നറിയിപ്പ് നൽകി.