അമ്പലപ്പുഴ:പതിമൂന്നുകാരിക്ക് മർദനമേറ്റ സംഭവത്തിൽ രണ്ട് വനിതാ സെക്യൂരിറ്റി ജീവനക്കാർക്കെതിരെ കേസെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പതിമൂന്നുകാരിയെ വനിതാ സെക്യൂരിറ്റി ജീവനക്കാരി മർദിച്ച സംഭവത്തിൽ രണ്ട് ജീവനക്കാർക്കെതിരെ അമ്പലപ്പുഴ പോലീസ് കേസെടുത്തു.
ഹരിപ്പാട് സ്വദേശിനിയായ പെൺകുട്ടി നൽകിയ പരാതിയിലാണ് കേസെടുത്തത്. സഹോദരിയുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് പതിമൂന്നുകാരിയും നടക്കാൻ ബുദ്ധിമുട്ടുള്ള അമ്മയും ആശുപത്രിയിൽ എത്തുന്നത്. ഇവർക്ക് ഭക്ഷണവും മറ്റും വാങ്ങികൊടുത്തിരുന്നത് പിതാവായ ജയൻ ആയിരുന്നു.
എന്നാൽ കൂലിപ്പണിക്കാരനായ ജയൻ ശനിയാഴ്ച വീട്ടിൽ പോയപ്പോൾ ആശുപത്രിയിൽ കയറാനുള്ള പാസ് അബദ്ധത്തിൽ പോക്കറ്റിലിട്ട് കൊണ്ടുപോയി.
ഉച്ചക്ക് കഞ്ഞിയുംവാങ്ങി പാസില്ലാതെ വാർഡിലേക്ക് കയറിയ പെൺകുട്ടിയോട് വനിതാ സെക്യൂരിറ്റി ജീവനക്കാരി മോശമായി സംസാരിക്കുകയും ഇത് ചോദ്യം ചെയ്ത പെൺകുട്ടിയുടെ കൈ പിടിച്ചുതിരിക്കുകയും തല കട്ടിലിൽ ഇടിക്കുകയും ആയിരുന്നെന്ന് പറയുന്നു.
തുടർന്ന് സെക്യൂരിറ്റി ജീവനക്കാരിയും പെൺകുട്ടിയുമായി വാക്കേറ്റവും പിടിവലിയും നടന്നു. ഇത് ചില ജീവനക്കാർ മൊബൈലിൽ പകർത്തി നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും ജയൻ ബാലാവകാശകമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.
താൻ നൽകിയ മൊഴി കൃത്യമായി രേഖപ്പെടുത്താൻ പോലീസ് തയാറായില്ലെന്നും പെൺകുട്ടിപറയുന്നു. ചില രാഷ്ട്രീയ പാർട്ടിക്കാരുടെ നോമിനികളാണ് സെക്യൂരിറ്റിക്കാർ എന്ന ആക്ഷേപവുമുണ്ട്.
എന്നാൽ പെൺകുട്ടി തങ്ങളെയാണ് മർദിച്ചതെന്ന് വനിതാ സെക്യൂരിറ്റി ജീവനക്കാരും പോലീസിൽ പരാതിനൽകി. ഇതുമായി ബന്ധപ്പെട്ടു പെൺകുട്ടിക്കെതിരെയും അമ്പലപ്പുഴ പോലീസ് കേസെടുത്തു.