അഞ്ചല്‍: കേരളത്തിന് പുറത്ത് നിന്നും എത്തിയ മലയാളികളെ കോവിഡ് നിരീക്ഷണത്തിനായി എത്തിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് നേരെ ആക്രമണം. അഞ്ചല്‍ ഏരൂരിലാണ് സംഭവം.
ഉടുപ്പിയില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രിയോടെ പുനലൂരില്‍ എത്തിയ ഏരൂര്‍ മണലിപ്പച്ച സ്വദേശി, ഇയാളുടെ സുഹൃത്ത് കുളത്തുപ്പുഴ സ്വദേശി എന്നിവരെ മണലിപ്പച്ചയിലെ വീട്ടില്‍ എത്തിക്കാന്‍ വന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് നേരെയാണ് നാട്ടുകാരില്‍ ചിലര്‍ ആക്രമണം അഴിച്ചുവിട്ടത്.
കുളത്തുപ്പുഴ സ്വദേശിയെ സുഹൃത്തിന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൊട്ടാരക്കര സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ ഉണ്ണികുട്ടനെ മര്‍ദിച്ചത്ത്. നാട്ടുകാരും പ്രദേശത്തെ ആംബുലന്‍സ് ഡ്രൈവര്‍മാരും പിന്നീട് സ്ഥലത്ത് എത്തി.
ഉണ്ണിക്കുട്ടന്റെ പരാതിയില്‍ മണലിപ്പച്ച സ്വദേശിയായ യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ആക്രമിച്ചതിന് പുറമേ പകര്‍ച്ചവ്യാധി പടര്ത്തല് നിരോധന നിയമ പ്രകാരവും കേസെടുത്തതായി ഏരൂര്‍ പോലീസ് പറഞ്ഞു.
അതേസമയം കോവിഡുമായി ബന്ധപ്പെട്ട സര്‍വീസ് നടത്തുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരെ പലപ്പോഴും ആക്രമിക്കുകയും, അകറ്റി നിര്‍ത്തുകയും ചെയ്യുന്നത് പതിവാകുന്നുവെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ആരോപിക്കുന്നു.
പലപ്പോഴും ദീര്‍ഘ ദൂര സര്‍വീസിനടക്കം പോകുമ്പോള്‍ ആഹാരം പോലും നല്കാന് ഹോട്ടലുകള്‍ വിസമ്മതിക്കാറുണ്ടെന്നും ഇവര്‍ പറയുന്നു. അതേസമയം നാട്ടുകാരോട് ആംബുലന്‍സ് ഡ്രൈവര്‍ മോശമായി പെരുമാറിയതാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് നാട്ടുകാരില്‍ ചിലര്‍ അറിയിച്ചു.