കയ്പമംഗലം : എഐവൈഎഫ് അഴീക്കോട് ലോക്കൽ കമ്മറ്റി അംഗത്തിന്റെ വീടിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. അഴീക്കോട് പുത്തൻപള്ളി ബീച്ച് കോളനിയിൽ താമസിക്കുന്ന എഐവൈഎഫ് അഴീക്കോട് ലോക്കൽ കമ്മറ്റി അംഗവും മുനക്കൽ യൂണിറ്റ് സെക്രട്ടറിയുമായ കെ.ആർ.അനന്തുവിന്റെ വീടിന് നേരെയാണ് സാമൂഹ്യ വിരുദ്ധർ ആക്രമണം നടത്തിയത്.
ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ചു കടന്ന പത്തോളം പേരടങ്ങുന്ന സംഘം അനന്തുവിന്റെ അമ്മ ചന്ദ്രിക(45)യെ ആക്രമിക്കുകയും അനന്തു(18)വിന്റെ കോളറിൽ കുത്തിപ്പിടിച്ച് കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്നു ഭീഷണി പ്പെടുത്തുകയും ചെയ്തു.
ചന്ദ്രികയെ ജാതിപ്പേര് വിളിച്ച് ആക്രോശിക്കുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ അനന്തുവും അമ്മയും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ജനൽച്ചില്ലുകളും തകർത്തിട്ടുണ്ട്.
വീട്ടിൽ വളർത്തിയിരുന്ന നായ്ക്കുട്ടിയേയും അക്രമികൾ മർദിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ അനന്തുവിന്റെ പിതാവ് രമേശൻ പരാതി നൽകി. പോലീസെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്ന് സിപിഐ അഴീക്കോട് ലോക്കൽ സെക്രട്ടറി ഒ.എ.സുരേഷ് ആവശ്യപ്പെട്ടു.
പ്രതിഷേധിച്ചു
കയ്പമംഗലം: എഐവൈഎഫ് അഴീക്കോട് ലോക്കൽ കമ്മറ്റിയഗവും മുനക്കൽ യൂണിറ്റ് സെക്രട്ടറിയുമായ കെ.ആർ.അനന്തുവിന്റെ വീടിനു നേർക്ക് സംഘം ചേർന്നെത്തി ആക്രമണം നടത്തുകയും ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ എഐവൈഎഫ് അഴീക്കോട് വില്ലേജ് കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.