മംഗലപുരം: യുവാവിനെ മർദിച്ച സംഭവത്തിൽ മുഖ്യ പ്രതിയെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു.പുത്തൻതോപ്പ് സ്വദേശി അനസിനെ ഞായറാഴ്ച രാത്രിയിൽ മർദിച്ച കേസിൽ മസ്താൻമുക്ക് സ്വദേശി ഫൈസലാണ് അറസ്റ്റിലായത്.
കേസിൽ രണ്ടു പേർകൂടി അറസ്റ്റിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു.ഞായറാഴ്ച രാത്രി അനസ് ബൈക്കിൽ യാത്ര ചെയ്യുന്പോൾ കണിയാപുരം മസ്താൻമുക്ക് ജംഗ്ഷനിൽ വച്ച് ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞ് നിർത്തി താക്കോൽ ഊരി എടുത്തു.
ഇത് ചോദ്യം ചെയ്തപ്പോൾ ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നുവെന്ന് അനസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ മംഗലപുരം പോലീസിൽ ബന്ധുക്കൾ പരാതി നൽകാനെത്തിയെങ്കിലും പരാതി സ്വീകരിക്കാതെ സംഭവം നടന്നത് കഠിനംകുളം സ്റ്റേഷൻ പരിധിയിലാണെന്നറിയിച്ച് പോലീസ് മടക്കി.
പരാതിക്കാർ കഠിനംകുളം പോലീസ് സ്റ്റേഷനിലെത്തിയെങ്കിലും പരാതി അവിടെയും സ്വീകരിച്ചില്ല.അവസാനം മംഗലപുരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
മർദനമേറ്റ് തറയിൽ വീണ അനസിനെ വീണ്ടും മർദിക്കുന്നതും സിസിടിവി കാമറാ ദൃശ്യങ്ങളിലുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കഠിനംകുളം പോലീസ് മംഗലപുരം സ്റ്റേഷൻ പരിധിയിലാണെന്ന് പറഞ്ഞ് മടങ്ങി.
നാട്ടുകാരാണ് ഇയാളെ ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത് തലയ്ക്ക് ഗുരുതരപരിക്കറ്റ ഇയാളുടെ ഒരു പല്ലും നഷ്ടപ്പെട്ടു.