
കോട്ടയം: മദ്യപ സംഘങ്ങൾ തമ്മിൽ ഏറ്റുമൂട്ടി ഒരാളെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വാരിശേരി സ്വദേശി ജോമോൻ (40), മള്ളൂശേരി സ്വദേശി ശ്രീരാജ് (27) എന്നിവരാണ് അറസ്റ്റിലായത്.
ഇന്നലെ വൈകുന്നേരം കോട്ടയം മെഡിക്കൽ കോളജ് റോഡിൽ ചാലുകുന്ന് വാരിശേരിയ്ക്കു സമീപമായിരുന്നു അക്രമ സംഭവങ്ങൾ അരങ്ങേറിയത്. വെട്ടേറ്റ വാരിശേരി സ്വദേശി കുമാർ(38) കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
സംഘട്ടനത്തിൽ പരിക്കേറ്റ വാരിശേരി സ്വദേശി ജോമോൻ (40), മള്ളുശേരി സ്വദേശി ശ്രീരാജ് (27), വാരിശേരി സ്വദേശി രതീഷ് എന്നിവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത ശേഷമാണ് ജോമോനെയും ശ്രീരാജിനെയും കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിക്കുന്നതിനിടയിൽ പണം നല്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
വെട്ടേറ്റയാളെ മറ്റുള്ളവർ ആശുപത്രിയിൽ എത്തിക്കാതിരിക്കാൻ അക്രമി സംഘം നടുറോഡിൽ വടിവാളുമായി ഭീഷണി മുഴക്കുകയും ചെയ്തു. ഇന്നലെ ഉച്ചമുതൽ വാരിശേരിയിലെ അകമി സംഘത്തിൽപ്പെട്ടവർ ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു.
തുടർന്നാണ് പണം നൽകുന്നതിനെ ചൊല്ലി തർക്കമുണ്ടായത്. ഇതിനിടയിൽ കുമാർ മറ്റുള്ളവരെ മർദിച്ചശേഷം രക്ഷപ്പെടുകയും ചെയ്തു. ഇതിൽ ക്ഷുഭിതരായ സംഘത്തിൽപ്പെട്ടവർ മരകായുധങ്ങളുമായി ഇവിടെ കാത്തു നില്ക്കുകയായിരുന്നു.
വൈകുന്നേരത്തോടെ കുമാർ വീണ്ടും ഇവിടേക്ക് എത്തി. തുടർന്നു ആയുധങ്ങളുമായി കാത്തുനിന്ന സംഘം കുമാറിനെ വെട്ടി പരിക്കേൽപ്പിക്കുകയും നിലത്തിട്ട് മർദിക്കുകയും ചെയ്തു. വടിവാൾ ഉയർത്തി സംഘം ഭീഷണ മുഴക്കിയതോടെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു.
പോലീസ് എത്തിയതോടെ സംഘത്തിൽപ്പെട്ടവർ ഓടിരക്ഷപ്പെട്ടു. പരിക്കേറ്റവരെ നാട്ടുകാരാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്. കോട്ടയം വെസ്റ്റ് എസ്എച്ച്ഒ എം.ജെ. അരുണ്, എസ്ഐ ടി. ശ്രീജിത്ത് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തുന്നത്.