ചവറ: കാറിലെത്തിയ അക്രമിസംഘം യുവാവിനെ ആക്രമിച്ചു ബൈക്കും പണവും തട്ടിയെടുത്ത കേസിൽ നാലുപേർ പോലീസിന്റെ കസ്റ്റഡിയിൽ ആയതായി സൂചന. തഴവ കടത്തൂർ സ്വദേശി മുനീറിനെ അക്രമിച്ച ശേഷമാണ് ബൈക്കും പണവും കവർന്നത്. ഇയാളുടെ അമ്പതിനായിരം രൂപ അക്രമി സംഘം കവർന്നിരുന്നു.
ദിവസങ്ങൾക്കു മുമ്പ് ശങ്കരമംഗലത്തിന് കിഴക്ക് തൈക്കാവിന് സമീപമുള്ള ഇടറോഡിൽ വെച്ചായിരുന്നു സംഭവം.കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവെങ്കിലും അക്രമിസംഘം ഭീഷണിപ്പെടുത്തി കൊണ്ടുവന്നതാണെന്ന് ഇയാൾ പോലീസിനോടു പറഞ്ഞിരുന്നു.
തുടർന്ന് ചവറ പോലീസ് സ്റ്റേഷനിലെ ഒരു സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചു. അന്വേഷണത്തിൽ സംഘത്തിലെ രണ്ടു പേരെ കോയമ്പത്തൂരിൽ നിന്നും ഒരാളെ പാലക്കാട്ടിൽ നിന്നും മറ്റൊരാളെ ആറ്റിങ്ങലിൽ നിന്നുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തുവെന്ന സൂചനയാണ് ലഭ്യമാകുന്നത്.
കവർച്ചാ സംഘത്തിൽപ്പെട്ടവർ തിരുവനന്തപുരം കോഴിക്കോട് ,കാസർക്കോട് ,ആലപ്പുഴ സ്വദേശികളാണെന്നാണ് വിവരം. സംഘത്തിൽ ആറു പേരുണ്ടെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.