പത്തനാപുരം : ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ട് പോയി മര്‍ദിച്ച ശേഷം പണം തട്ടിയെടുക്കുന്ന സംഘത്തിലെ രണ്ട് പേര് കൂടി പോലീസിന്റെ പിടിയിലായി. പത്തനാപുരം മഞ്ചള്ളൂര്‍ ആദംകോട് മേലേമണ്ണില്‍ വടക്കേക്കര വീട്ടില്‍ ഹരി (21),പാതിരിക്കല്‍ കാനച്ചിറ ഗോകുലത്തില്‍ രാഹുല്‍ (28) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം സംഘത്തിലെ പ്രധാനിയായ പിടവൂർ സ്വദേശി ബിനുവിനെപോലീസ് പിടികൂടി റിമാന്റ് ചെയ്തിരുന്നു. സംഘം കഴിഞ്ഞ രണ്ട് മാസത്തിനിടെ പത്ത് പേരെയാണ് ഓട്ടോറിക്ഷയില്‍ നിര്‍ബന്ധിച്ച് കയറ്റികൊണ്ട് പോയി വിജനമായ പ്രദേശത്ത് എത്തിച്ച് മര്‍ദിച്ച ശേഷം പണവും വിലപ്പെട്ട സാധനങ്ങളും തട്ടിയെടുത്തത്.
ബാർ ഹോട്ടലുകളുടേയും ബിവറേജ് ഔട്ട് ലെറ്റുകളുടെയും സമീപം നില ഉറപ്പിക്കുന്ന സംഘം മദ്യപിച്ച് അബോധാവസ്ഥയിലാകുന്നവരെ ബന്ധുക്കളാണെന്ന വ്യാജേന എത്തി ഓട്ടോയിൽ കയറ്റി വിജനമായ സ്ഥലത്ത് എത്തിച്ച് പണവും വിലപ്പെട്ട സാധനങ്ങളും അപഹരിക്കുകയാണ് പതിവ്. കവര്‍ച്ചയ്ക്ക് ഇരയായവരില്‍ അധികവും വയോധികരാണ്. മാനഹാനി കാരണം മിക്കവരും പോലീസിൽ പരാതിപെടാറില്ലായിരുന്നു.
കേരളത്തിലേയും തമിഴ്നാട്ടിലേയും മോഷണ സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായ പ്രതികള്‍. ബൈക്കിലെത്തി മാല പൊട്ടിക്കലും വാഹനമോഷണവും പ്രതികൾ നടത്തിയിട്ടുണ്ട്.പ്രതികളിൽ നിന്ന് വിലപെട്ട മൊബൈൽ ഫോണുകളും കണ്ടെടുത്തിട്ടുണ്ട്. സ്റ്റേഷൻ പരിധിയിൽ അടുത്തിടെ ദേവാലയങ്ങൾ.വീടുകൾ.
സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടന്നിട്ടുള്ള മോഷണങ്ങൾ നടത്തിയതിലും ഇവർ ഉൾപ്പെട്ടിട്ടുള്ളതായും സംശയിക്കുന്നുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്താലേ വിവരങ്ങൾ ലഭിക്കൂവെന്ന് സി.ഐ സജികുമാർ പറഞ്ഞു. പോലീസ്തന്ത്രപൂര്വ്വം നടത്തിയ രഹസ്യ നീക്കത്തിലാണ് മോഷ്ടാക്കള്‍ പിടിയിലായത് .
പത്തനാപുരം സി ഐ സജികുമാര്‍, എസ്.ഐമാരായ സതീഷ് കുമാര്‍, സജീവ്, ഷിബു, ഗോപൻ ഉണ്ണികൃഷ്ണൻ.സിവിൽ പൊലീസ് ഒഫീസർമാരായ പ്രദീപ്, മനീഷ്, ശ്രീജിത്ത്, ജാഫർ, മധു, അനിഷ് എന്നിവർ പ്രതികളെ പിടികൂടുന്നതിന് നേതൃത്വം നല്കി.