പുനലൂർ: യുവാവിനെ കഠിന ദേഹോപദ്രവം ഏൽപ്പിച്ച രണ്ടാനച്ഛനെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ മുസാവരിക്കുന്ന ചരുവിള പുത്തൻ വീട്ടിൽ ആനന്ദന്റെ മകൻ സുനി എന്ന് വിളിക്കുന്ന സുനിലിനെ(35) ആണ് പുനലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ ഭാര്യ ശാന്തിയുടെ ആദ്യവിവാഹത്തിലെ മകനായ സച്ചു(18)വിനെ ആണ് ഇയാൾ കമ്പി വടി വെച്ച് അടിച്ചു വലതു കൈത്തണ്ട ഒടിച്ചതായി പറയുന്നത്. സച്ചുവിന്റെ മാതാവ് ശാന്തിയുടെ രണ്ടാം ഭർത്താവായ സുനിൽ സ്ഥിരമായി മദ്യപിച്ചു വന്നു ശാന്തിയെ മർദിക്കുകയായിരുന്നുവത്രെ.
ബുധനാഴ്ച രാത്രി സുനിൽ മദ്യപിച്ചു വന്ന് ശാന്തിയെ മർദിച്ചു. ഇത് ചോദ്യംചെയ്യുകയും തടസം പിടിക്കാൻ ചെല്ലുകയും ചെന്ന സച്ചുവിനെ സുനിൽ കമ്പിവടി വെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
മർദനമേറ്റ് സച്ചു പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് പുനലൂർ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.