യുവാവിന്റെ കാൽ തല്ലിയൊടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
ചാത്തന്നൂർ: റോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവിന്റെ കാൽ തല്ലിയൊടിച്ച കേസിൽ ഒരാൾ കൂടി ഇരവിപുരം പോലീസിന്റെ പിടിയിലായി. തൃക്കോവിൽവട്ടം വെട്ടിലത്താഴം ദിവ്യാ പാക്കിംഗ് സെന്ററിന് സമീപം വിളപ്പുറത്ത് കിഴക്കതിൽ അജിത്ത് (32 )ആണ് അറസ്റ്റിലായത്.
സംഭവത്തിൽ മുള്ളുവിള സ്വദേശിയായ ബൈജു നേരത്തേ പിടിയിലായിരുന്നു. ഇക്കഴിഞ്ഞ ജൂൺ 29ന് കൂനമ്പായിക്കുളത്തു വച്ച് വടക്കേ വിള ന്യൂനഗർ ആശാരിയഴികം സബീനാ മൻസിലിൽ ഷാജിൽ ( 33 )നെയാണ് ഇവർ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇയാൾ ഇപ്പോഴും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കാറ്ററിംഗ് നടത്തുന്ന ഷാജിൽ തന്റെ മാരുതി വാനിൽ മുള്ളുവിളയിലുള്ള ഒരു ഓഡിറ്റോറിയത്തിൽ നിന്നും പുറത്തേക്കിറങ്ങവെ വാനിലുണ്ടായിരുന്ന
പാത്രങ്ങൾ കൂട്ടിമുട്ടി ശബ്ദമുണ്ടായതിനെ ചോദ്യം ചെയ്ത് എത്തിയ പ്രതികൾ അർധരാത്രിയിൽ റോഡിൽ വെച്ച് ഷാജി ലുമായി വാക്കുതർക്കമുണ്ടാകുകയും വാനിന്റെ ചില്ല് തകർക്കുകയും ഇരുമ്പു കമ്പി കൊണ്ട് ഷാജിലിന്റെ കാലിൽ ആഞ്ഞടിക്കുകയായിരുന്നു.
പോലീസ് എത്തിയപ്പോഴേക്കും പ്രതികൾ കടന്നുകളഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബൈജു പിടിയിലായത്.ഒളിവിൽ കഴിയുകയായിരുന്ന അജിത്തിനെക്കുറിച്ച് ഇരവിപുരം പോലീസ് ഇൻസ്പെക്ടർ
വിനോദിന് ലഭിച്ച വിവരത്തെ തുടർന്ന് സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടെ ഇരവിപുരം എസ്ഐമാരായ അനീഷ് എ.പി, ബിനോദ് കുമാർ, ദീപു, ജിഎസ്ഐ ഷാജി, സിപിഓ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്.