സംഘർഷത്തിനിടെ വയോധിക മരിച്ച സംഭവം: രണ്ടു പേർ അറസ്റ്റിൽ
ശ്രീകാര്യം : സംഘർഷത്തിനിടെ വയോധിക കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ.
കഴിഞ്ഞ ദിവസം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ സൗത്ത് തുമ്പ തൈവിളാകം വീട്ടിൽ മേരിബാബു (65) മരിച്ച സംഭവത്തിൽ അയൽവാസികളായ വലിയവേളി സ്വദേശികളായ ജോസ് സോളമൻ (43), ജൂഡ് മൈക്കിൾ (32) എന്നിവരെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. രണ്ടുപേർ തമ്മിലുള്ള വാക്കേറ്റമാണ് ഇരുവിഭാഗമായി തിരിഞ്ഞു സംഘർഷത്തിൽ കലാശിച്ചത്. മേരി ബാബുവിന്റെ മകനായ സെബാസ്റ്റ്യൻ കുടുംബ വീട്ടിൽ എത്തി മരുന്ന് കൊടുത്തശേഷം തിരികെ പോകാൻ തുടങ്ങുന്നതിനിടെ മുൻ വൈരാഗ്യമുള്ള സമീപവാസികൾ ആക്രമിക്കുകയായിരുന്നു.
ഇതു കണ്ട മേരി മകന്റെ അടുത്തേയ്ക്കു വരികയും പിടിച്ച് മാറ്റുന്നതിനിടെ അക്രമികളുടെ മർദനത്തിൽ കുഴഞ്ഞു വീഴുകയുമായിരുന്നു. തുടർന്ന് പോലീസ് എത്തി ആശുപത്രിയിലേക്കുകൊണ്ടുപോയ വഴി മരണപ്പെടുകയായിരുന്നു.
മേരിക്ക് മർദനമേറ്റതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.മരണകാരണം എന്താണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ പറയാൻ കഴിയുകയുള്ളൂവെന്നും സംഭവുമായി ബന്ധപ്പെട്ടു നാലോളം പേർ ഒളിവിലാണെന്നും തുമ്പ പോലീസ് അറിയിച്ചു.