നാദാപുരം: നമ്പ്യത്താം കുണ്ടിൽ ഭർതൃമതിയായ യുവതിയെ വീട്ടിൽ കയറി മർദിച്ചതായി പരാതി. പടിക്കലക്കണ്ടി അജ്മലിന്റെ ഭാര്യ ഷാന (22) നെയാണ് മർദനമേറ്റ നിലയിൽ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 12നാണ് സംഭവം.
ഭർത്താവിന്റെ ബന്ധു പാറാട് സ്വദേശി അബ്ദുള്ള വീടിനകത്ത് കയറി മർദിച്ചെന്നാണ് പരാതി. പ്രാണരക്ഷാർത്ഥം റോഡിലേക്ക് ഓടിയ യുവതിയെ നാട്ടുകാർ വിവരമറിച്ചതോടെ പോലീസ് എത്തി കുറ്റ്യാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മൊഴി രേഖപ്പെടുത്തിയ പോലീസ് ഭർത്താവിനെ പ്രതിചേർക്കണമെന്ന് പറഞ്ഞതോടെ യുവതി സമ്മതിച്ചില്ലത്രേ.
സംഭവം നടക്കുമ്പോൾ ഭർത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് കുട്ടിയോടെപ്പം വടകര താലൂക്ക് ആശുപത്രിയിൽ വിദഗ്ധ ഡോക്ടറെ കാണിച്ചശേഷം ഇവരുടെ നിർദേശത്തെ തുടർന്ന് നാദാപുരം താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ആവുകയായിരുന്നെന്ന് യുവതി പറഞ്ഞു.
മട്ടന്നൂർ സ്വദേശിനിയായ ഷാനിയും ഭർതൃവീട്ടുകാരും സ്വരച്ചേർച്ചയിലായിരുന്നില്ല .ഈയിടെയാണ് ഭർതൃവീട്ടിലെത്തിയത്. സംഭവമറിഞ്ഞ് സിപിഎം നേതാക്കൾ ആശുപത്രിയിൽ യുവതിയെ സന്ദർശിച്ചു.