അന്തിക്കാട്: അർധരാത്രി റോഡിൽ ബൈക്ക് മറിഞ്ഞ് അപകടത്തിൽപെട്ട യുവാവിനെ രക്ഷിയ്ക്കാൻ ഓടിയെത്തിയ ഗൃഹനാഥനെ അപകടത്തിൽപെട്ട യുവാവ് ആക്രമിച്ചു.
പുത്തൻപീടിക പള്ളി ഗ്രൗണ്ട് റോഡിൽ ആലപ്പാട്ട് മേച്ചേരിപ്പടി വീട്ടിൽ ഡെന്നി(44)യ്ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
ശക്തിയായി മുഖത്തടിച്ചതിനെ തുടർന്ന് ഡെന്നിയുടെ ഒരു പല്ല് കൊഴിഞ്ഞു. ഇയാൾ പുത്തൻപീടികയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.
ബുധനാഴ്ച രാത്രി 12 ഓടെയാണ് ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് അന്തിക്കാട് പുത്തൻകോവിലകം കടവ് സ്വദേശി കുറ്റിപറന്പിൽ അക്ഷയ്(27)നെ അന്തിക്കാട് പൊലിസ് പിടികൂടി.
ബുധനാഴ്ച അർധ രാത്രിയിൽ വീടിന്റെ മുന്നിലെ റോഡിൽ വലിയ ശബ്ദംകേട്ട് വാതിൽ തുറന്നപ്പോൾ ബൈക്കിൽനിന്ന് താഴെവീണുകിടക്കുന്ന യുവാവിനെ കാണുകയായിരുന്നു.
ഇയാളെ രക്ഷിക്കാൻ ചെന്നതാണ് ഡെന്നി. ലഹരിയിലായിരുന്ന യുവാവ് ഡെന്നിയെ ആക്രമിച്ചു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ പകച്ച ഡെന്നി ഓടി വീട്ടിലേക്ക് കയറിയെങ്കിലും പിന്നാലെയെത്തിയ പ്രതി ഗേയ്റ്റ് തകർത്ത് വീടിന്റെ കോന്പൗണ്ടിലേക്ക് കയറി പുറത്തിരിക്കുന്ന ട്രോഫി എടുത്ത് വീട് ആക്രമിക്കുകയായിരുന്നുവെന്ന് ഡെന്നി പറഞ്ഞു. വീടിന്റെ ജനൽചില്ലുകളും തകർത്തിട്ടുണ്ട്.