കോട്ടയം: സ്ത്രീധനം പോരെന്നു പറഞ്ഞ് ഗർഭിണിയായ യുവതിയെ പീഡിപ്പിക്കുകയും മുറിയിൽ പൂട്ടിയിടുകയും ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. കനകപ്പലത്താണ് 28 വയസുള്ള യുവതിക്ക് ഭർത്താവിന്റെ വീട്ടുകാരിൽ നിന്ന് ക്രൂര മർദനം ഏൽക്കേണ്ടി വന്നത്. കനകപ്പലം മംഗലത്ത് അനൂപ് (28) ആണ് അറസ്റ്റിലായത്.
ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്ന് എരുമേലി എസ്ഐ ശ്രീജിത് പറഞ്ഞു. വിവാഹം കഴിഞ്ഞ നാൾ മുതൽ സ്ത്രീധനത്തെ ചൊല്ലി യുവതിയെ ഭർത്താവും ഭർതൃ മാതാവും പിതാവും ചേർന്ന് മർദിക്കുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സ്ഥിരമായി മുറിയിൽ പൂട്ടിയിടുകയും ചെയ്തു. സ്വർണാഭരണങ്ങൾ വീട്ടുകാർ ഉൗരി വാങ്ങിയ ശേഷമായിരുന്നു മർദനം.
മർദനം സഹിക്കവയ്യാതെ യുവതി റാന്നി ആശുപത്രിയിൽ എത്തിയതിനെ തുടർന്നാണ് കേസായത്. യുവതിക്ക് ക്രൂര മർദനം ഏറ്റിട്ടുണ്ടെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2017 ഒക്ടോബറിലായിരുന്നു കനകപ്പലം സ്വദേശിയായ യുവതിയുടെ വിവാഹം. അറസ്റ്റിലായ അനൂപിന്റെ അച്ഛനും അമ്മയ്ക്കുമെതിരേയും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.