കയ്പമംഗലം: മൂന്നുപീടികയിൽ വ്യാപാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ റിമാൻഡിൽ.
പെരിഞ്ഞനം കോവിലകം സ്വദേശികളായ തോട്ടുങ്ങൽ വീട്ടിൽ ചാഞ്ചു എന്ന് വിളിക്കുന്ന പ്രകാശൻ (49), അറക്കൽ വീട്ടിൽ ബിജോയ് (40), പെരിഞ്ഞനം ഇളംകൂറ്റ് വീട്ടിൽ ദിലീഷ് (31) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. ഈ കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.
ബുധനാഴ്ച്ച രാവിലെ ഒന്പതോടെയാണ് മൂന്നുപീടികയിൽ പ്രവർത്തിക്കുന്ന മിമിക്സ് ലോട്ടറി സ്ഥാപനത്തിന് മുന്നിൽ വച്ചാണ് ഉടമ ലിജോയിയെ നാലംഗ സംഘം ഇരുന്പ് പൈപ്പ് കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചത്. സുഹൃത്ത് സുഷിലിനെ ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയപ്പോഴാണ് ലിജോയ്ക്ക് നേരെ ആക്രമണമുണ്ടായത്. തലക്കും തോളെല്ലിനും പരിക്കേറ്റ ലിജോയ് ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം ഒരേ പാർട്ടിയിൽ പ്രവർത്തിച്ചിരുന്ന ഇരുകൂട്ടരും തമ്മിൽ സംഭവ ദിവസം രാവിലെ കോവിലകത്ത് വച്ചുണ്ടായ അടിപിടിയുടെ വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. എസ്ഐ പി.ജി.അനൂപും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .