ചാത്തന്നൂർ: വീട്ടിൽനിന്ന യുവാവിനെ ഫോണിൽ വിളിച്ചുവരുത്തി റോഡിൽവെച്ച് മർദിച്ച ശേഷം കാറിൽ തട്ടിക്കൊണ്ടു പോയ കേസിൽ അറസ്റ്റിലായ ഏഴ് പേരെ കോടതി റിമാൻഡ് ചെയ്തു.
കണ്ണനല്ലൂരിലുള്ള അജാസ്(36)നെയാണ് കാറിലെത്തിയ ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച് കൈയിലുണ്ടായിരുന്ന പണവും മൊബൈലും അപഹരിച്ചത്.
ഇക്കഴിഞ്ഞ 19 ന് രാത്രി 10ന് കണ്ണനല്ലൂർ വടക്കേമുക്കിൽ വെച്ചാണ് യുവാവിനെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോയി മർദിച്ച് അവശനാക്കിയത് കണ്ണനല്ലൂർ സ്വദേശിയായ അഷ്കറിന്റെ നേതൃത്വത്തിൽ അജയൻ (43), സാബു (41), ദിങ്കൻ (35), കബീർ (35), ഷെരീഫ് (31), വിഷ്ണു (30) എന്നിവർ ഉൾപ്പെട്ട സംഘമാണ് മർദിച്ച് മൊബൈലും പൈസയും തട്ടിയെടുത്തതെന്ന് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അക്രമം നടത്തിയ അഷ്കറുമായുള്ള വാക്ക്തർക്കംമൂലമുള്ള വിരോധമാണ് തട്ടിക്കൊണ്ടുപോയി മർദിക്കുന്നതിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.