ചാരുംമൂട്: ഭർതൃപിതാവിനെ തലക്കടിച്ചു വീഴ്ത്തി വധിക്കാൻ ശ്രമിച്ച കേസിൽ മരുമകളും കാമുകനും പിടിയിലായി. നൂറനാട് പുലിമേൽ തുണ്ടത്തിൽ വീട്ടിൽ രാജുവിനെ (56) വധിക്കാൻ ശ്രമിച്ച കേസിലാണ് മകൻ അഖിൽരാജിന്റെ ഭാര്യ ശ്രീലക്ഷ്മി (24) നൂറനാട് പുതുപ്പള്ളിക്കുന്നം പാറപ്പുറത്ത് വടക്കേതിൽ ബിപിൻ (29) എന്നിവരെ നൂറനാട് സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കേസിനാസ്പദമായ സംഭവം നടന്നത് നവംബർ 29-നു രാത്രി 11.30 നാണ്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ- അന്നേ ദിവസം രാജു കുഞ്ഞിനെ ശ്രദ്ധിക്കാത്തതിന്റെ പേരിൽ മരുമകളെ വഴക്കു പറഞ്ഞിരുന്നു, ഇത് ശ്രീലക്ഷ്മിയെ വല്ലാതെ പ്രകോപിച്ചു.
സംഭവം കാമുകനായ ബിപിനെ അറിയിച്ചു. ബിപിൻ രാത്രിയോട് ബൈക്കിൽ മാരകായുധങ്ങളുമായി വീടിനു സമീപത്തായി രാജുവിന്റെ വരവു കാത്തുനിന്നു.
രാത്രി11-ന് പടനിലം ജംഗ്ഷനിൽ പോയി മടങ്ങി വന്ന രാജുവിനെ തടഞ്ഞു നിർത്തി ഇയാൾ ആക്രമിക്കുകയായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ല.
അതിക്രൂരമായി മർദ്ദിച്ച ശേഷം ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. ഗുരുതരമായ പരിക്കേറ്റു റോഡിൽ വീണു കിടന്ന രാജുവിനെ നിലവിളി കേട്ട് ഓടിയെത്തിയവരും വീട്ടുകാരും ചേർന്ന് ഉടൻ തന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചു.
മർദ്ദനത്തിൽ അവശനായ രാജുവിന് അടിച്ച വ്യക്തിയെയോ അടിക്കാൻ ഉണ്ടായ കാരണത്തെ സംബന്ധിച്ചോ യാതൊരു അറിവും ഉണ്ടായിരുന്നില്ല.
നൂറനാട് സ്റ്റേഷനിൽ ലഭിച്ച പരാതിയെത്തുടർന്നുള്ള അന്വേഷണമാണ് യഥാർത്ഥ പ്രതികളിലേക്ക് എത്തിച്ചത്. കൊലപാതക ശ്രമത്തിനു കേസെടുത്ത പോലീസ് സംഭവം നടന്ന സ്ഥലത്തെ നിരവധി നിരീക്ഷണ ക്യാമറകളും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.
കൊലപാതക ശ്രമത്തിന് ഉപയോഗിച്ച മാരകായുധങ്ങളും പ്രതിയുടെ സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ
സിഐ ശ്രീജിത്തിനെ കൂടാതെ എസ്ഐമാരായ നിതീഷ്, രാജേന്ദ്രൻ, ജൂനിയർ എസ്ഐ ദീപു പിള്ള, സിപിഓമാരായ കലേഷ്, വിഷ്ണു, രഞ്ജിത്ത്, പ്രസന്ന എന്നിവരും പങ്കെടുത്തു.