മാന്നാർ: വീട്ടിൽ കയറി വീട്ടമ്മയെ മർദിച്ച സംഭവത്തിൽ അച്ഛനെയും മകനെയും മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. എണ്ണയ്ക്കാട് പെരിങ്ങലിപ്പുറം തെക്ക് വലിയപറമ്പിൽ ബിജു (53), മകൻ ബിജിൻ (23)എന്നിവരെയാണ് പോലീസ് പിടികൂടിയത്.
എണ്ണയ്ക്കാട് പെരിങ്ങലിപ്പുറം തെക്ക് കുന്നേൽ വീട്ടിൽ സുപ്രന്റെ ഭാര്യ സുജാ കുമാരി (43)ക്കാണ് മർദനമേറ്റത്.പ്രതികൾ സുജയുടെ വീട്ടുമുറ്റത്ത് കയറി അസഭ്യം പറയുകയും സുജയുടെ ഭർത്താവുമായി വഴക്കുണ്ടാക്കുകയും ചെയ്തു.
തുടർന്ന് തടസം പിടിക്കാൻ ചെന്ന സുജയെ ഇരുവരും വടികൊണ്ട് അടിക്കുകയും മർദിക്കുകയുമായിരുന്നു. മർദനത്തിൽ പരിക്കേറ്റ സുജ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് സംഭവം.
സുജയുടെ വീട്ടുകാരുമായുള്ള മുൻ വിരോധമാണ് ആക്രമണം നടത്താൻ കാരണമായതെന്നു പോലീസ് പറഞ്ഞു. മാന്നാർ പോലീസ് ഇൻസ്പെക്ടർ എസ്എച്ച്ഒ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ്ഐ അഭിരാം, എസ്ഐ ബിജുക്കുട്ടൻ, സിവിൽ പോലീസ് ഓഫീസർമാരായ സിദ്ധിക് ഉൾ അക്ബർ, പ്രമോദ്, സാജിദ്, ഹരിപ്രസാദ്, ജഗദീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.