കോട്ടയം: ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ നിരവധി കേസുകളിലെ പ്രതികൾ.
ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് കല്ലുവെട്ടം കുഴിയിൽ ജസ്റ്റിൻ കെ സണ്ണി (27), ഏറ്റുമാനൂർ വെട്ടിമുകൾ ഭാഗത്ത് കുറ്റിവേലിൽ അനന്തു ഷാജി (27), മാന്നാനം തെക്കേതടത്തിൽ സച്ചിൻസണ്‍ (27) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ ഷട്ടർ കവല ഭാഗത്തുള്ള കള്ള് ഷാപ്പിൽ എത്തി ജീവനക്കാരുമായി വാക്കു തർക്കത്തിൽ ഏർപ്പെടുകയും അവരെ കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും, ഷാപ്പിലെ കുപ്പികളും ഫർണിച്ചറും അടിച്ചു തകർക്കുകയും ചെയ്തു.
അന്വേഷിച്ച് എത്തിയ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. പ്രതികളിൽ ഒരാളായ ജസ്റ്റിൻ കെ സണ്ണി കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.
കൂടാതെ ഇയാൾ കഞ്ചാവ് കേസിൽ വിശാഖപട്ടണത്ത് ഒരു വർഷക്കാലമായി ജയിലിലായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്ഓ പി.ആർ. രാജേഷ് കുമാർ, എസ്ഐമാരായ പ്രശോഭ്, ജോസഫ് ജോർജ്, എം. പ്രദീപ്, സിപിഒമാരായ ഡെന്നി പി ജോയ്, പ്രവീണ്‍.പി.നായർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.