അടൂർ: ഏറെനാൾ പിണങ്ങിക്കഴിഞ്ഞ ഭർത്താവിനെ ഭാര്യാഗൃഹത്തിൽ വിളിച്ചു വരുത്തി മർദ്ദിച്ച കേസിൽ നാലു പേരെ അറസ്റ്റ് ചെയ്തു. കായംകുളം ആലുംമൂട് പടിപ്പുര തെക്കേതിൽ ദിൽഷൻ എന്ന കബീർകുട്ടി (29), ആലപ്പുഴ തോട്ടപ്പള്ളി ഒറ്റപ്പന പുത്തൻപുരയിൽ ഷിയാസ് (32), കായംകുളം പ്രതാങ്കമൂട് പണ്ടകശാല പടിഞ്ഞാറ്റേതിൽ നൗഫൽ (26), ഷാമോൻ (28) എന്നിവരെയാണ് അടൂർ പോലീസ് ്അറസ്റ്റ് ചെയ്തത്.
കായംകുളം പെരിങ്ങാല വായനശാല ജംഗ്ഷൻ തയ്യിൽ തറയിൽ സജി (32)നാണ് മർദ്ദനമേറ്റത്. ഇയാൾ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മക്കളെ കാണിക്കാമെന്നു പറഞ്ഞാണ് സജിയെ വിളിച്ചുവരുത്തിയതെന്നു പറയുന്നു.ഞായറാഴ്ച വൈകുന്നേരം 6.10ന് സജിയുടെ ഭാര്യ ജാസ്മിൻ പള്ളിക്കൽ കള്ളപ്പൻചിറയിലുള്ള അവരുടെ വീട്ടിൽ വിളിച്ചു വരുത്തുകയായിരുന്നു.
ഈ സമയം കാറിലെത്തിയ നാലംഗസംഘം സജിയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. തുടർന്ന് രാത്രിയിൽ നാട്ടുകാർ തടഞ്ഞുവച്ച നാലംഗസംഘത്തെ പോലീസ് സ്റ്റേഷനിലെത്തിച്ച ചോദ്യം ചെയ്ത ശേഷം തിങ്കളാഴ്ച രാവിലെ 10ന് എസ്ഐ വി. ജോഷി അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.