കണ്ണൂർ: കോർപറേഷൻ ഓഫീസിൽ അപേക്ഷ നൽകാനെത്തിയ യുവാവിനെ മർദിച്ച സംഭവത്തിൽ താത്കാലിക ജീവനക്കാരായ രണ്ടുപേർ അറസ്റ്റിൽ. വിവരാവകാശ അപേക്ഷ നൽകാനെത്തിയ കടലായി വടക്കുളം ആയില്യത്തിൽ വി.കെ. ശ്രീജിത്തിനെ മർദിച്ച സംഭവത്തിൽ ആറ്റടപ്പ മഠപുരയ്ക്കൽ വീട്ടിൽ ടി. കൃപേഷ് (35), തോട്ടട പുത്തലാട്ട് ഹൗസിൽ മിഖിൽ മോഹൻ (26) എന്നിവരെയാണ് ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ വൈകുന്നേരം അറസ്റ്റു ചെയ്തത്.
അനധികൃത കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്കാനെത്തിയതാണ് കോർപറേഷൻ അധികൃതരെ ചൊടിപ്പിച്ചതെന്നാണ് ആരോപണം. അക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് എടക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കോർപറേഷനിലേക്ക് മാർച്ച് നടത്താനിരിക്കെയാണ് രണ്ടുപേരുടെ അറസ്റ്റ്.