കാട്ടാക്കട : അമ്മയെയും മകനെയും വീടുകയറി ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ. മലയിൻകീഴ് മേപ്പൂക്കട കോളച്ചിറ മേലെ പുത്തൻവീട്ടിൽ സജീവിനെയും അമ്മയെയും വീടുകയറി ആക്രമിച്ച കേസിലാണ് സഹോദരങ്ങളായ പ്രതികൾ പിടിയിലായത്. മലയിൻകീഴ് മേപ്പൂക്കട തേജസ് ഭവനിൽ മനോജ്, മലയിൻകീഴ് പൂക്കട പോളച്ചിറ സീനായി ഭവനിൽ മുരുകൻ എന്നിവരെയാണ് കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ ഒന്നാം പ്രതിയായ മലയിൻകീഴ് മേപ്പൂക്കട കണ്ണൻകോട് തേജസ് ഭവനിൽ മനോജ് എന്ന് വിളിക്കുന്ന മണികണ്ഠൻ രാത്രി കാലങ്ങളിൽ സ്ഥിരമായി പരിസരപ്രദേശങ്ങളിലെ വീടുകളുടെ വാതിലിൽ മുട്ടുന്ന വിവരം മനോജിന്റെ ഭാര്യയെ അറിയിച്ചതിലുള്ള വിരോധ നിമിത്തമാണ് മനോജും സഹോദരൻ മുരുകനും സജീവിനെയും അമ്മയെയും മർദിച്ചത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
കൂട്ടുകാരോടൊപ്പം മുണ്ടുകോണം എന്ന സ്ഥലത്ത് ക്രിക്കറ്റ് കളിക്കാൻ പോയി മടങ്ങി വരികയായിരുന്ന സജീവിനെ ഞായറാഴ്ച വൈകുന്നേരം നാലര മണിയോടുകൂടി പൂങ്കോട് ഭജനമടത്തിലേക്ക് പോകുന്ന വഴിയിൽ കണ്ണംകോട് പാലത്തിന് സമീപം വച്ച് മനോജും മുരുകനും കണ്ടാലറിയാവുന്ന രണ്ടുപേരും ചേർന്ന് തടഞ്ഞുനിർത്തുകയും അസഭ്യം പറയുകയും അവിടെ നിന്ന് മരച്ചീനി കമ്പ് ഒടിച്ചെടുത്ത് സജീവിന്റെ മുതുകിൽ അടിക്കുകയും അടികൊണ്ട് സജീവ് ഓടി വീട്ടിലേക്ക് കയറിയപ്പോൾ മനോജും കൂട്ടരും പുറകെ ഓട്ടോറിക്ഷയിലും ബൈക്കിലും പിന്തുടർന്ന് വീട്ടിൽ കയറി സജീവിനെയും അമ്മയെയും ജാക്കി ലിവറായി ഉപയോഗിക്കുന്ന ഇരുമ്പ് കമ്പികൊണ്ടും മരച്ചീനി കമ്പു കൊണ്ടും ആക്രമിക്കുകയായിരുന്നു.
സജീവിന്റെയും അമ്മയുടെയും പരാതിയുടെ അടിസ്ഥാനത്തിൽ മലയിൻകീഴ് പോലീസ് കുറ്റകരമായ നരഹത്യ ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തി രുന്നു.