കളമശേരി: എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളജിലെ എംബിബിഎസ് അവസാന വർഷ വിദ്യാർഥിനിയെ ക്ലാസിൽ കയറി സഹപാഠി ക്രിക്കറ്റ് ബാറ്റിനടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. തലയ്ക്കടിയേറ്റ വിദ്യാർഥിനി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വിദ്യാർഥിനിയുടെ തലയിൽ ഒന്‍പത് സ്റ്റിച്ചുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം.
മെഡിക്കൽ കോളജ് അധികൃതരുടെ പരാതിയെത്തുടർന്ന് അവസാന വർഷവിദ്യാർഥിയും ചന്തിരൂർ സ്വദേശിയുമായ മാനസിനെ (22) കളമശേരി പോലീസ് കസ്റ്റഡിയിലെടുത്തു. അധ്യാപകൻ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഇയാൾ ക്ലാസിലേക്ക് കയറിവന്ന് പെണ്‍കുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്നു പറയുന്നു. കോളജ് ക്രിക്കറ്റ് ടീം അംഗമാണു പ്രതി.
പലതവണ പ്രണയാഭ്യർഥന നടത്തിയെങ്കിലും പെണ്‍കുട്ടിയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ഉണ്ടാകാത്തതാണു പ്രതിയെ പ്രകോപിപ്പിച്ചതെന്നു പറയുന്നു. കളമശേരി സർക്കിൾ ഇൻസ്പെക്ടർ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മെഡിക്കൽ കോളജിലെ ഐസിയുവിലെത്തി പത്തനംത്തിട്ട സ്വദേശിയായ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.