തൊടുപുഴ: ഓട്ടോയിൽ യാത്ര ചെയ്ത യുവതിയെ നഗരമധ്യത്തിൽ ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ച കേസിൽ നാലു പേർ അറസ്റ്റിൽ. അക്രമരംഗം പ്രതികൾ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു.
തൊടുപുഴ കോലാനി കോതായിക്കുന്നേൽ കെ.എം മുജീബ് (34), പാറപ്പുഴയിൽ പി.ഡി. ഫ്രാൻസിസ് (47), ചിറവേലിൽ ഹരിനാരായണൻ (49), കരിമണ്ണൂർ നെയ്യശേരി മനയ്ക്കപ്പാടം കൊച്ചുവീട്ടിൽ കെ.കെ. ബഷീർ (53) എന്നിവരാണ് അറസ്റ്റിലായത്.
ബുധനാഴ്ച നാലരയോടെയാണ് കേസിനാസ്പദമായ സംഭവം. ഗാന്ധി സ്ക്വയറിൽനിന്നു തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പോകാൻ ഓട്ടോയിൽ കയറിയതായിരുന്നു യുവതി.
ഓട്ടോ ബസ് സ്റ്റാൻഡിനു സമീപമെത്തിയപ്പോൾ മറ്റൊരു ഓട്ടോയിലെത്തിയ പ്രതികൾ വാഹനം തടയുകയും യുവതിയെ ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതു തടഞ്ഞപ്പോൾ മർദിക്കുകയും അശ്ലീലപ്രയോഗം നടത്തുകയും ചെയ്തു.
അക്രമം തടയാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ പ്രതികൾ ഭീഷണിപ്പെടുത്തുകയും താക്കോൽ ഉൗരി വാങ്ങുകയും ചെയ്തു. ഇതിനിടെ യുവതിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു.
പിന്നീട് ഓട്ടോ ഡ്രൈവർ പഴ്സിലുണ്ടായിരുന്ന മറ്റൊരു താക്കോൽ ഉപയോഗിച്ചു വേഗത്തിൽ വാഹനം മുന്നോട്ടെടുത്തു രക്ഷപെടുകയായിരുന്നു. ഓട്ടോഡ്രൈവറിൽനിന്നു വിവരം ലഭിച്ച പോലീസ് നാലു പേരെയും പിടികൂടി. സംഭവസമയം നാലുപേരും മദ്യപിച്ചിരുന്നതായും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.