കൊച്ചി: നഗരത്തിൽ ആക്രി പെറുക്കി നടക്കുന്ന ഇതര സംസ്ഥാനക്കാരുമായി സംഘട്ടനത്തിൽ ഏർപ്പെട്ട സഹോദരങ്ങളായ രണ്ടു പേർ പിടിയിൽ. എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ കോളനിയിൽ താമസിക്കുന്ന രജു, രതീഷ് എന്നിവരാണ് പിടിയിലായത്. സംഘട്ടനം തടയാനെത്തിയ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ വിശ്വനാഥന് പരിക്കുമേറ്റു.
ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ പുല്ലേപ്പടി പാലത്തിനു സമീപമാണ് ആക്രമണം അരങ്ങേറിയത്. ആക്രി പെറുക്കി നടക്കുന്ന ഇതര സംസ്ഥാനക്കാരായ രണ്ടംഗ സംഘവുമായായിരുന്നു അടിപിടി.
ആക്രി പെറുക്കരുതെന്നു രജുവും രതീഷും ആവശ്യപ്പെട്ടെങ്കിലും ഇതര സംസ്ഥാനക്കാരായ സംഘം ഇതു ചെവിക്കൊണ്ടില്ല. ഇതിൽ പ്രകോപിതരായ ഇവർ ഇതരസംസ്ഥാനക്കാർക്കുനേരെ കല്ലേറ് നടത്തുകയും ഒരാളുടെ തലയ്ക്കു പിന്നിൽ പരിക്കേൽപ്പിക്കുകയുമായിരുന്നു.
വിവരമറിഞ്ഞു സെൻട്രൽ പോലീസിൽനിന്ന് ഒരു സംഘം പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ഇരുവിഭാഗങ്ങളെയും പിന്തിരിപ്പിച്ചത്. തുടർന്നു രജുവിനെയും രതീഷിനെയും പോലീസ് ജീപ്പിലേക്കു മാറ്റുന്നതിനിടെയുണ്ടായ ബലപ്രയോഗത്തിലാണു പോലീസുകാരനു പരിക്കേറ്റത്. കൈയ്ക്കു പൊട്ടലേറ്റ വിശ്വനാഥനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രജുവിനെതിരെ നിരവധി കേസുകളുള്ളതായി അധികൃതർ പറഞ്ഞു. കത്തിക്കുത്ത്കേസിൽ നോർത്ത് സ്റ്റേഷനിലും അടിപിടിക്കേസിൽ അരൂർ സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുകളുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.