ചവറ: അഞ്ചാം ക്ലാസുകാരന്റെ ശരീരം പൊള്ളിച്ച രണ്ടാനച്ഛൻ അറസ്റ്റിൽ. നിരന്തരമായി മർദിച്ചും ജോലികൾ ചെയ്യിച്ചും കുട്ടികളോട് ക്രൂരത കാട്ടിയ രണ്ടാനച്ഛനാണ് അറസ്റ്റിലായത്. പരാതി പോലും പറയാതെ എല്ലാം സഹിച്ച കുട്ടികളുടെ സങ്കടങ്ങൾക്ക് പരിഹാരമായി എത്തിയത് നാട്ടുകാർ.
ചവറ പള്ളിയാടി ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചവറ ചെറുശേരി ഭാഗം കളീലിൽ ബിന്ദുവിന്റെ മക്കളായ അനു (13) മനു (11) എന്നിവർക്കാണ് തുണയാകേണ്ട രണ്ടാനച്ഛന്റെ നിരന്തര പീഡനം എൽക്കേണ്ടി വന്നത്.
നാട്ടുകാരുടെ പരാതിയിലും കുട്ടികളുടെ മൊഴിയിലും രണ്ടാനച്ഛനായ കരുനാഗപ്പള്ളി ആദിനാട് ശശി ഭവനത്തിൽ കുമാർ എന്ന് വിളിക്കുന്ന ശശികുമാറി(37) നെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്.
മക്കളെ ക്രൂരമായി ഉപദ്രവിക്കുന്നത് കണ്ടിട്ട് മാതാവ് പോലും പ്രതികരിക്കാതായതോടെയാണ് ഗ്രാമപഞ്ചായത്തംഗവും നാട്ടുകാരും പോലിസിൽ വിവരം അറിയിക്കുന്നത്. മനുവിനെയാണ് നടുവിന് ചട്ടുകം വെച്ച് പൊള്ളിച്ചത്. ശശികുമാറിന്റെ ചൂണ്ട നിലത്ത് വീണിരുന്നു. ഇത് എടുത്തത് മനുവാണെന്ന് ആരോപിച്ചായിരുന്നു മർദനവും പൊള്ളിക്കലെന്നും പോലീസ് പറഞ്ഞു.
ശരീരത്തും മുഖത്തും നഖം കൊണ്ട് മുറിഞ്ഞ അടയാളങ്ങളുമുണ്ട് . സമീപ വീട്ടിൽ ട്യൂഷന് എത്തിയപ്പോൾ ഇരിക്കാൻ കഴിയാതെ വന്നതോടെ ട്യൂഷൻ ടീച്ചറാണ് മുറിവുകൾ കണ്ടെത്തിയത്. ഇവർ വിവരം അറിയിച്ചതനുസരിച്ച് നാട്ടുകാർ ഗ്രാമപഞ്ചായത്തംഗത്തെ ബന്ധപ്പെടുകയായിരുന്നു.
വീട്ടിലെ മുഴുവൻ ജോലികളും ചെയ്യുന്നത് മർദനമേറ്റ കുട്ടികളാണെന്ന് നാട്ടുകാർ പറയുന്നു. ഇയാൾ കുട്ടികളെ നിരന്തരമായി ഉപദ്രവിക്കുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നതായും പരാതിക്കാർ ഇല്ലാത്തത് കാരണമാണ് ഇടപെടാതിരുന്നതെന്നും പഞ്ചായത്തംഗം പറഞ്ഞു.
കുമാർ കഴിഞ്ഞ കുറച്ചു നാളായി ക്രുരമായി ഉപദ്രവിക്കാറുണ്ടെന്നും, ഒരാഴ്ചയ്ക്ക് മുൻപാണ് ചട്ടുകം വച്ച് പൊള്ളിച്ചതെന്നും കുട്ടികൾ പോലീസിനോട് പറഞ്ഞു. ബാലപീഡന നിയമം ഉപയോഗിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.