ശാസ്താംകോട്ട: മദ്യലഹരിയിലെത്തിയ മരുമകൻ അമ്മായി അമ്മയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. മൈനാഗപ്പള്ളി തോട്ടുംമുഖം പുത്തൻപുര വടക്കതിൽ വിജയമ്മ(65)യ്ക്കാണ് മർദനമേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത മരുമകൻ മൈനാഗപ്പള്ളി കിണറുവിള കിഴക്കതിൽ സതീഷ് (38)നെ ശാസ്താംകോട്ട കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. വിജയമ്മയുടെ മകൾ അനിതയുടെ ഭർത്താവാണ് സതീഷ്. മദ്യപാനിയായ സതീഷിന്റെ പീഡനം മൂലം അനിത കുടുംബവീട്ടിലാണ് കഴിയുന്നത്.
ഇടയ്ക്കിടെ ഇവിടെയെത്തി ഇയാൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പതിവാണ്. സംഭവ ദിവസം മദ്യപിച്ചെത്തിയ സതീഷ് വിജയമ്മയെ മുറിയിലേക്ക് പിടിച്ചു വലിച്ചിട്ടശേഷം വാക്കത്തി ഉപയോഗിച്ച് വെട്ടുകയും തലയ്ക്കടിച്ച് വീഴ്ത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ക്രൂരമായ മർദനത്തെ തുടർന്ന് ഇവരുടെ ഇടതു കൈ ഒടിയുകയും തലയ്ക്ക് പൊട്ടൽ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. കണ്ണുകൾക്കും മുഖത്തും സാരമായ പരിക്കേറ്റിട്ടുണ്ട്.