ഗാന്ധിനഗർ: കുടുംബ വഴക്കിനെ തുടർന്ന് തലയ്ക്ക് അടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയുടേയും മകളുടേയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ. പീരുമേട് ഉപ്പുതറ വളവുകോട് മത്തായിപ്പാറ ഈട്ടിക്കൽ സുരേഷിന്റെ ഭാര്യ മേഴ്സി (40), മകൾ മെർലിൻ (20). എന്നിവരാണ് കോട്ടയം മെഡിക്കൽ കോളജ് ട്രോമ കെയർ യൂണിറ്റിൽ ചികിത്സയിൽ കഴിയുന്നത്.
മേഴ്സിയുടെ നെറ്റിയുടെ മേൽ ഭാഗം മുതൽ തലയുടെ പിൻഭാഗം വരെ 38 സ്റ്റിച്ച് ഉണ്ട്. മെർലിന്റെ തലയുടെ പിൻഭാഗത്തുള്ള അടി വളരെ മാരകമാണ്. ശസ്ത്രക്രിയകഴിഞ്ഞ മെർലിന്റെ ആരോഗ്യനില ഇന്ന് അല്പം മെച്ചപ്പെട്ടതായും, ഇരുവരുടേയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ന്യൂറോ സർജറി മേധാവി ഡോ പി.കെ.ബാലകൃഷ്ണൻ രാഷ്ട്രദീപികയോടു പറഞ്ഞു.
ശനിയാഴ്ച രാത്രി ഏഴിന്് വീട്ടിൽ വച്ചായിരിന്നു സംഭവം. സംഭവത്തെക്കുറിച്ച് ഉപ്പുതറ പോലീസ് പറയുന്നതിങ്ങനെ: പാലാ മേലുകാവ് സ്വദേശിയും പാറമട തൊഴിലാളിയുമാണ് മേഴ്സിയുടെ ഭർത്താവായ സുരേഷ്. പ്രണയ വിവാഹിതരായ ഇവർ മൂത്ത കുട്ടിയായ മെർലിന് നാല് വയസും, ഇളയ കുട്ടിഷെർലിന് ഒന്നര വയസും ഉള്ള കാലഘട്ടം മുതൽ എന്നും കുടുംബ വഴക്ക് പതിവായിരുന്നു.
ഒന്നര വയസുള്ള കുട്ടിയെ ബൈക്കിൽ കയറ്റി ഇരുത്തിയ ശേഷം ബൈക്ക് തള്ളിയിട്ട് കുട്ടിയെ അപകടപ്പെടുത്തിയതടക്കം കുടുംബവഴക്കിന്റെ പേരിൽ നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ടായിരുന്നു. മർദ്ദനം സഹികെട്ടതിനെ തുടർന്ന് സുരേഷിന്റെ പിതൃസഹോദരി താമസിക്കുന്ന ഉപ്പുതറ വളവ് കോടിന് കൊണ്ടു പോകുകയായിരുന്നു. സ്ഥിരം മദ്യത്തിനും കഞ്ചാവിനും അടിമയായ സുരേഷ്, വർങ്ങളോളം ഭാര്യയേയും മക്കളെയും അന്വേഷിക്കുവാൻ പോലും ഉപ്പുതറയിൽ പോയില്ല. മേഴ്സി കൂലിപ്പണി ചെയ്ത് മക്കളെ പഠിപ്പിക്കുകയായിരുന്നു.
ഇതിനിടയിൽ അഞ്ചു വർഷം മുൻപ് പാറമടയിൽ ജോലി ചെയ്ത് കൊണ്ടിരിക്കേ ഒരപകടത്തിൽ സുരേഷിന്റെ കൈക്ക് പരിക്കേൽക്കുകയും ബന്ധുക്കൾ ഇടപെട്ട് ഉപ്പുതറയിൽ കൂട്ടിക്കൊണ്ടു പോയി താമസിച്ചു വരികയായിരുന്നു. പിന്നീട് ഒരു വർഷം മുൻപ് വീണ്ടും കുംടുംബ വഴക്ക് ആരംഭിച്ചു. മേഴ്സി കുടുംബ കോടതിയിൽ പരാതി നൽകി.
കോടതി ഒരു തവണ കൂടി ക്ഷമിക്കുവാൻ ആവശ്യപ്പെട്ടതനുസരിച്ച് ജീവിക്കുന്നതിനിടെയാണ് ശനിയാഴ്ച രാത്രിയിലെ ക്രൂരമായ ആക്രമണം. മേഴ്സിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ആക്രമണം നടത്തിയതെന്നും എന്നാൽ മകൾ തടസം പിടിക്കുവാൻ എത്തിയതാണ് മർദ്ദിക്കുവാൻ കാരണമായതെന്നും ഇയാൾ പറഞ്ഞതായി ഉപ്പുതറ പോലീസ് പറഞ്ഞു. പോലീസ് അറസ്റ്റ് ചെയ്ത സുരേഷ് പീരുമേട് സബ് ജയിലിൽ റിമാൻഡിലാണ്.