തിരുവല്ല: നിരണത്ത് വീടുകയറി ആക്രമിച്ച് അച്ഛനെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. നിരണം ശങ്കുവിരത്തിൽ രാജൻ, മകൻ റെനു രാജൻ എന്നിവരെയാണ് വീടു കയറി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്.നിരണം തേവേരി ആശാരികുടി പുതുവേൽ വീട്ടിൽ സദന്റെ മക്കളായ സജിത്ത് ( 26), സജൻ (23 ) എന്നിവരാണ് പുളിക്കീഴ് പേലീസിന്റെ പിടിയിലായത്.
പ്രതികളും ആക്രമിക്കപ്പെട്ട റെനുവും സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവർ തമ്മിൽ ഉണ്ടായ നിസാര തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പുളിക്കീഴ് പോലീസ് ഇൻസ്പെക്ടർ സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ എസ്ഐ വിപിൻ കുമാർ, എഎസ് ഐ മാരായ രാജേഷ്, സോമസുന്ദരം പിള്ള, ജില്ലാ പോലീസ് മേധാവിയുടെ നിഴൽ സേനാംഗങ്ങളായ ഹരികുമാർ, ആർ. അജികുമാർ, സുജിത്ത് കുമാർ, പുളിക്കീഴ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ തുളസീദാസ് പ്രസാദ് ,ജോജോ,അഖിലേഷ് ,സുദർശനൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികളെ പിടികൂടുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനായ ജോജോയ്ക്ക് പരിക്കേറ്റു. ഇവരെ പിടികൂടുന്നതിനു നാട്ടുകാരുടെ സഹായവും പോലീസിന് ലഭിച്ചിരുന്നു. പുളിക്കീഴ് പോലീസ് സ്റ്റേഷന്റെ അതിർത്തി പ്രദേശമായ തേവേരി, നിരണം, കൊന്പകേരി എന്നിവിടങ്ങളിൽ സാമൂഹ്യ വിരുദ്ധ പ്രവർത്തനവും ലഹരി മരുന്ന് ഉപയോഗവും വർധിച്ചുവരുന്നതായ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പരിശോധനകൾ ശക്തമാക്കി.