പുല്ലാട്: ഇതര സംസ്ഥാന തൊഴിലാളിയുടെ മര്‍ദനമേറ്റ് ഓട്ടോറിക്ഷാ ഡ്രൈവര്‍ ആശുപത്രിയില്‍. പുല്ലാട് ജംഗ്ഷനിലെ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍ കുന്നന്താനം-ചിത്തിരമന്ദിരം-തകടിയില്‍ സന്തോഷാ(38) ണ് തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
തിങ്കളാഴ്ച രാത്രി പുല്ലാട് ജംഗ്ഷനില്‍ നിന്നും സന്തോഷിന്റെ ഓട്ടോറിക്ഷ വിളിച്ച് കോഴഞ്ചേരിക്ക് പോകുകയും തിരികെ എത്തി കൂലി ചോദിച്ചപ്പോള്‍ തന്നെ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് സന്തോഷ് പറഞ്ഞു. മര്‍ദനമേറ്റു വീണ ഇയാളെ നാട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കോയിപ്രം പോലീസില്‍ നല്കിയ പരാതിയെതുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായി എസ്ഐ സുരേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളി രാത്രി തന്നെ സ്ഥലം വിട്ടതായി പോലീസ് പറഞ്ഞു.
പുല്ലാട് – കുമ്പനാട് പ്രദേശങ്ങളില്‍ നിരവധി ഇതരസംസ്ഥാന തൊഴിലാളികളാണ് അനധികൃതമായി യാതൊരുവിധ തിരിച്ചറിയില്‍ രേഖകളുമില്ലാതെ താമസിക്കുന്നത്. ജംഗ്ഷനിലുള്ള കെട്ടിടങ്ങളില്‍ വാടകയ്ക്കാണ് ഇവരുടെ താമസം. ഒരു മുറിയില്‍ പത്തിലധികം ആളുകളാണ് കിടക്കുന്നത്.
ഇവരില്‍ നിന്നും വന്‍ തുകയാണ് കെട്ടിട ഉടമകള്‍ വാടകയായി വാങ്ങുന്നതെന്നും പറയുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ താമസിക്കുന്ന ഇവരെ പറ്റി ആരോഗ്യവകുപ്പോ, പഞ്ചായത്തധികൃതരോ യാതൊരു അന്വേഷണവും നടത്തുന്നില്ലെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.
ഓട്ടോറിക്ഷ തൊഴിലാളിയെ മര്‍ദിച്ചതിനെതുടര്‍ന്ന് അന്യസംസ്ഥാന തൊഴിലാളികളെപ്പറ്റി അന്വേഷണം നടത്താനും തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തവരുടെ പേരില്‍ കേസെടുക്കുമെന്നും കോയിപ്രം എസ്ഐ പറഞ്ഞു. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാന്‍ കെട്ടിടങ്ങള്‍ കൊടുക്കുന്നവരും ഇവരെകൊണ്ട് ജോലി ചെയ്യിക്കുന്ന സ്ഥാപനങ്ങളും കൃത്യമായ വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കണമെന്നും പോലീസ് പറഞ്ഞു.